എക്‌സാലോജിക് ഇടപാട് മുഖ്യമന്ത്രിക്കു പേടിസ്വപ്‌നമായിമാറിയ പശ്ചാത്തലത്തിലാണ് അയോധ്യാക്കേസില്‍ രാംലല്ലയ്ക്ക് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ്.വൈദ്യനാഥനെ കേരള സര്‍ക്കാരിന് വേണ്ടി കെ.എസ്.ഐ.ഡി.സി ചുമതലപ്പെടുത്തിയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗാഢബന്ധത്തിന്‍റെ ഒടുവിലത്തെ തെളിവാണിത്. രാംലല്ലയുടെ അഭിഭാഷകനും മാസപ്പടി കേസിലെ അഭിഭാഷകനും ഒന്നായത് യാദൃശ്ചികമല്ല.
സുരക്ഷിതത്വം ഉറപ്പാക്കാന്‍ സംഘപരിവാര്‍ കൂടാരത്തിലാണ് മുഖ്യമന്ത്രിയും മകളും എത്തിയിരിക്കുന്നത്. രക്ഷപ്പെടാന്‍ ആരുമായും സമരസപ്പെടുന്ന അവസ്ഥയിലാണിപ്പോള്‍ കേരളത്തിന്‍റെ മുഖമന്ത്രി. സുപ്രീംകോടതിയില്‍ കെ.എസ്.ഐ.ഡി.സിക്ക് സ്വന്തം സാന്റാന്റിംഗ് കൗണ്‍സില്‍ ഉള്ളപ്പോഴാണ് ശൂന്യമായ ഖജനാവില്‍നിന്ന് ക്ഷേമപെന്‍ഷന്‍ പോലും നല്‍കാന്‍ പണമില്ലാത്തപ്പോള്‍ 25 ലക്ഷം രൂപ മുടക്കി ഈ അഭിഭാഷകനെ ഇറക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ ബിജെപി- സിപിഎം ബന്ധം ഊട്ടിയുറപ്പിക്കാന്‍ നേരിട്ടും ഇടനിലക്കാര്‍ വഴിയും ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നത്.
ഗവര്‍ണര്‍ തെരുവ് ഗുണ്ടയല്ലെന്ന് ആക്രോശിക്കുന്നതല്ലാതെ, ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ ആവശ്യപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കു പോകാന്‍ മുഖ്യമന്ത്രിക്ക് ഭയമാണ്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇതുവരെ ഒരു കേന്ദ്രവിരുദ്ധ സമരം പോലും നടത്തിയിട്ടില്ല. യുപിഎ ഭരിക്കുമ്പോള്‍ ദിവസേനയെന്നപോലെ സമരം നടത്തിയവരാണ് ഇപ്പോള്‍ ചുരുണ്ടുകൂടി ഇരിക്കുന്നത്. ഡല്‍ഹിയില്‍ നടത്തുമെന്ന് പറഞ്ഞ സമരത്തെ പൊതുസമ്മേളനമാക്കി മാറ്റിയ ഭീരുക്കളാണിവര്‍. പ്രധാനമന്ത്രി കേരളത്തില്‍ പല തവണ എത്തിയപ്പോള്‍ ഒരു നിവേദനം പോലും നല്‍കാന്‍ ഇവര്‍ തയാറായില്ല. പ്രധാനമന്ത്രിയുടെ പ്രീതിനേടാന്‍ പിണറായി വിജയന്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയാണ് താനെന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിച്ചു. പ്രധാനമന്ത്രിയുടെ മുന്‍പില്‍ നട്ടെല്ല് വളച്ച് ഭയഭക്തി ബഹുമാനത്തോടെ കൈകൂപ്പിയുള്ള ആ നില്‍പ്പ് കേരളം ഉടനെയൊന്നും മറക്കില്ല.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വഴിനീളെ പിണറായി വിജയന്‍റെ പോലീസ് തല്ലിച്ചതച്ചപ്പോള്‍ അത് ആസ്വദിക്കാന്‍ ഗവര്‍ണറും ഉണ്ടായിരുന്നു. മാനിഷാദാ എന്നൊരു വാക്ക് ഗവര്‍ണ്ണറും പറഞ്ഞില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ എല്ലാ അവിഹിത ശുപാര്‍ശകളും അംഗീകരിച്ച ഗവര്‍ണ്ണര്‍ക്ക് പിണറായി വിജയന്‍ ഖജനാവില്‍നിന്ന് പണമെറിഞ്ഞ് എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തി. ഗവര്‍ണറൊന്ന് കണ്ണുരുട്ടിയാല്‍ സംസ്ഥാന ഖജനാവിന് ലക്ഷങ്ങളാണ് നഷ്ടപ്പെടുന്നത്. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കേസുകളില്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.