ജോൺ ബ്രിട്ടാസ് എംപിയുടെ ഭാര്യ കെ റെയില്‍ ഡപ്യൂട്ടി ജനറല്‍ മാനേജർ : മുഖ്യമന്ത്രിയുടെ പിടിവാശി ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയോ?

Jaihind Webdesk
Wednesday, December 15, 2021

വിവാദമായ കെ റെയില്‍ പദ്ധതിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മുഖ്യമന്ത്രിയുടെ മുന്‍ ഉപദേശകനായ ജോണ്‍ ബ്രിട്ടാസ് എംപിയുടെ ഭാര്യ ഷേബ ബ്രിട്ടാസ്. റെയില്‍വേ ഉദ്യോഗസ്ഥയായ ഷേബയുടെ നിയമനം ഡെപ്യൂട്ടേഷനിലാണ്. കെ റെയിലിനെതിരെ ശക്തമായ പ്രതിഷധം നടക്കുമ്പോഴും പദ്ധതിയുമായി മുമ്പോട്ടെന്ന മുഖ്യമന്ത്രിയുടെ പിടിവാശി ബ്രിട്ടാസിനുവേണ്ടിയോ എന്ന ചോദ്യമാണ് ഉയരുന്നത്

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ എതിര്‍പ്പ് ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വരുമ്പോഴും ആരെതിര്‍ത്താലും പദ്ധതി നടപ്പാക്കും എന്ന പ്രഖ്യാപനവുമായി മുന്നോട്ടു പോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ . കടുത്ത എതിര്‍പ്പുയര്‍ന്നിട്ടും കെ റെയിലുമായി മുമ്പോട്ടു പോകാനുള്ള മുഖ്യമന്ത്രിയുടെ പിടിവാശിക്ക് പിന്നില്‍ ചിലരുടെ താല്‍പര്യങ്ങളുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മൂര്‍ച്ച കൂട്ടുകയാണ് ഇപ്പോള്‍ പുറത്തുവരുന്ന ചില വിവരങ്ങള്‍ .

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുന്‍ ഉപദേശകനും നിലവില്‍ രാജ്യസഭ എം.പി കൂടിയായ ജോണ്‍ ബ്രിട്ടാസിന്റെ ഭാര്യ ഷേബയെ കെ റയിലില്‍ ഡപ്യൂട്ടി ജനറല്‍ മാനേജരായി നീയമിച്ചിരിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വന്നത്. റയില്‍വേ ഉദ്യോഗസ്ഥയായ ഇവരെ ഡപ്യുട്ടേഷന്‍ വ്യവസ്ഥയിലാണ് നിയമിച്ചിരിക്കുന്നത്.

കെ റയിലില്‍ ഹ്യൂമണ്‍ റിസോഴ്‌സിന്‍റെ ചാര്‍ജാണ് ഇവര്‍ക്കുള്ളത്. അതെ സമയം കെ റെയില്‍ പദ്ധതിയുടെ സര്‍വേ നടത്തിയ ഉദ്യോഗസ്ഥമേധാവി തന്നെ പദ്ധതി തട്ടിപ്പാണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരുന്നു. നേരത്തെ എംപിമാരുടെ യോഗത്തിനിടെ കെ റെയില്‍ സംബന്ധിച്ച വിവരങ്ങള്‍ എംപിമാര്‍ ആരാഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പകരം ജോണ്‍ ബ്രിട്ടാസ് മറുപടി പറയാന്‍ ശ്രമിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പകരം ബ്രിട്ടാസ് മറുപടി പറയാന്‍ എഴുന്നേറ്റതില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ബ്രിട്ടാസിന്‍റെ ഭാര്യയാണ് കെ റെയിലിന്‍റെ ഡപ്യൂട്ടി ജനറല്‍ മാനേജരെന്ന വിവരം പുറത്തുവന്നതോടെ അന്നു ബ്രിട്ടാസ് എടുത്ത താല്‍പര്യം എന്തെന്ന് കൂടി തെളിയുകയാണ്.