സിൽവർലൈൻ സംവാദത്തില്‍ സാമൂഹ്യ നിരീക്ഷകന്‍ ജോസഫ് സി മാത്യുവിനെ ഒഴിവാക്കാൻ നീക്കം

Jaihind Webdesk
Monday, April 25, 2022

തിരുവനന്തപുരം: സിൽവർ ലൈന്‍ പദ്ധതിയുടെ ഭാഗമായി കെ റെയില്‍ സംഘടിപ്പിക്കുന്ന ചർച്ചയില്‍ നിന്ന്  സാമൂഹ്യ നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കാൻ നീക്കം. സർക്കാർ അദ്ദേഹത്തെ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ഒഴിവാക്കാനാണ് കെ-റെയിൽ നീക്കം നടത്തുന്നത്. വിഎസ് അച്ചുതാനന്ദന്‍  സർക്കാരിന്‍റെ  കാലത്ത് ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു  പിണറായി സർക്കാരിന്‍റെ ശക്തമായ വിമർശകരിലൊരാളാണ്.

സിൽവർ ലൈനിനെ ശക്തമായി എതിർക്കുന്ന ആർ.വി.ജി മേനോൻ, അലോക് വർമ, ജോസഫ് സി മാത്യു എന്നിവരേയാണ് സർക്കാർ നേരത്തെ പാനലിൽ ഉൾപ്പെടുത്തിയിരുന്നത്.28 വ്യാഴാഴ്ചയാണ് സിൽവർലൈനുമായി ബന്ധപ്പെട്ട പാനൽ ചർച്ച. പദ്ധതിയെ ശക്തമായി എതിർക്കുന്നവരുടെ പാനലിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത് ജോസഫ് സി മാത്യുവിനെ ആയിരുന്നു. ആറുപേരുടെ പാനലിൽ സാമൂഹ്യ നിരീക്ഷകൻ എന്ന നിലയിലാണ് ജോസഫ് സി മാത്യുവിനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കെ റെയിൽ വൃത്തങ്ങൾ അറിയിക്കുന്നത് അദ്ദേഹത്തിന്‍റെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ്.