സംസ്ഥാന വ്യാപകമായി കെ റെയില്‍ സർവ്വേ നിർത്തിവച്ചു : സമരം ശക്തമാക്കി യുഡിഎഫും സമര സമിതിയും

Jaihind Webdesk
Friday, March 25, 2022

തിരുവനന്തപുരം : കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ  എല്ലാ സര്‍വേ നടപടികളും ഇന്നത്തേക്ക്   സംസ്ഥാന വ്യാപകമായി നിര്‍ത്തിവെച്ചു. സമരസമിതിയും യുഡിഎഫും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് നടപടി. പ്രകോപനം ഒഴിവാക്കാനാണ് ഇന്നത്തേ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചതെന്നാണ് കെ റെയില്‍ അധികൃതരുടെ വിശദീകരണം.

നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് എറണാകുളത്ത് ചോറ്റാനിക്കരയിലും കോഴിക്കോടും സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. ഇന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കാനാണ് അനൗദ്യോഗിക തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.

കല്ലിടല്‍ നടക്കുന്ന എല്ലായിടത്തും പ്രതിഷേധമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി നടത്തുന്ന കല്ലിടല്‍ ഇന്നത്തേക്ക് നിര്‍ത്തിവെക്കാനാണ് തീരുമാനം. പ്രകോപനം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശമെന്നും വിവരം ലഭിക്കുന്നു. കല്ലിടലുമായി മുന്നോട്ട് പോയാല്‍ അത് കൂടുതല്‍ പ്രകോപനം ജനങ്ങളില്‍ സൃഷ്ടിക്കുമെന്നും കെ-റെയില്‍ അധികൃതരും സര്‍ക്കാരും വിലയിരുത്തുന്നു.