കെ റയിൽ കല്ലിടല്‍ : മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഇന്നും പ്രതിഷേധം ; വീട്ടമ്മ കുഴഞ്ഞുവീണു

Jaihind Webdesk
Friday, April 29, 2022

കെ റയിൽ സർവേക്കെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഇന്നും പ്രതിഷേധം. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥരെ ഭൂവുടമകൾ തടഞ്ഞു. പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. കെ റയിൽ കുറ്റി ഭൂ ഉടമകൾ പിഴുതു മാറ്റി.പ്രതിഷേധക്കാർക്കെതിരെ പോലീസ് ബലപ്രയോഗം. വീട്ടമ്മയായ ഒരു സ്ത്രീ കുഴഞ്ഞു വീണു. ധർമ്മടം പഞ്ചായത്തിലും സംഘർഷം.

കനത്ത പ്രതിക്ഷേധ ചൂടിലായിരുന്നു ഇന്നും കണ്ണൂരിൽ കെ റയിൽ സർവേ നടന്നത് .മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാർഡായ മുല്ലപ്പുറത്ത് കല്ലിടൽ ആരംഭിച്ചതിന് പിന്നാലെ ശക്തമായ പ്രതിക്ഷേധവുവായി നാട്ടുകാർ രംഗത്ത് എത്തി. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കല്ലിടാൻ എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടികളുമായി സ്ത്രീകൾ വീടുകളിൽ നിന്ന് ഇറങ്ങി വന്ന് കല്ലിടലിന് എതിരെ പ്രതിഷേധിച്ചു.കല്ലിടൽ തടഞ്ഞ സ്ത്രീകൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കാനുള്ള ശ്രമം നാട്ടുകാരും സമര സമിതി പ്രവർത്തകരും ചേർന്ന് തടഞ്ഞു. ഇതിനിടെ ഭൂ ഉടമയായ സ്ത്രീ സ്ഥലത്ത് കുഴഞ്ഞു വീണു .

പിന്നാലെ കെ റെയിൽ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി.പോലീസ് സുരക്ഷയിൽ കല്ലിട്ട് ഉദ്യോഗസ്ഥർ മടങ്ങി എങ്കിലും സ്ത്രീകൾ ഉൾപ്പടെയുള്ള വീട്ടുകാർ അത് പിഴുതുമാറ്റി.എന്നാൽ പ്രതിഷേധം അവഗണിച്ചും പൊലീസ് കാവലിൽ കല്ലിടൽ തുടർന്നു. മുഴപ്പിലങ്ങാട് സർവ്വെക്കെതിരെ പ്രതിഷേധിച്ച വാർഡ് മെമ്പർമാരായ നജീബ്, അർഷാദ്, കോൺഗ്രസ് നേതാവ് ദാസൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

മുഴപ്പിലങ്ങാട് പഞ്ചായത്തിലെ സർവേ പൂർത്തിയാക്കി എങ്കിലും പല ഇടങ്ങളിലും സ്ഥാപിച്ച സർവ്വെ കല്ലുകൾ ഉദ്യോഗസ്ഥർ മടങ്ങിയപ്പോൾ പ്രതിഷേധക്കാർ പിഴുത് മാറ്റി. ധർമ്മടം പഞ്ചായത്തിലേക്ക് സർവ്വെ കല്ലിടാൻ ആരംഭിച്ചപ്പോൾ തന്നെ നാട്ടുകാർ സർവേയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയത് സംഘർഷത്തിന് കാരണമായി.