യുഡിഎഫ് നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ മേഖല ജാഥകളും സംവാദവും സംഘടിപ്പിക്കും : എംഎം ഹസന്‍

Jaihind Webdesk
Tuesday, April 26, 2022

കെ റെയിൽ വിരുദ്ധ സമരത്തിന്‍റെ  ഭാഗമായി മേഖല യുഡിഎഫിന്‍റെ  നേതൃത്വത്തില്‍ മേഖല ജാഥകള്‍ സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസന്‍.  4 മേഖലകളിലായി  മെയ് 16,17,18,19 തീയതികളിൽ നടത്തും. മുഖ്യമന്ത്രിയും, മന്ത്രിമാരും നടത്തുന്ന നുണ പ്രചരണത്തിന്‍റെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ആണ് ജാഥയെന്നും അദ്ദേഹം അറിയിച്ചു.

ഉത്തരമേഖല ജാഥ കാസർകോട് നിന്ന് ആരംഭിക്കും. എം കെ മുനീർ കോഴിക്കോട്  ജാഥ നയിക്കും. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മോൻസ് ജോസഫ് ജാഥ നയിക്കും. എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് കൊടിക്കുന്നിൽ സുരേഷ് ജാഥ നയിക്കും. യുഡിഎഫ് നേതാക്കളെല്ലാം  ജാഥയിൽ അംഗങ്ങളാകുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതിഷേധിക്കുന്നവരെ സർക്കാർ അടിച്ചമർത്തുകയാണ്. ബൂട്ടിട്ട് ചവിട്ടിയ പോലിസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാകും. എതിരഭിപ്രായം ഉള്ളവരെ വിളിക്കാതെയുള്ള സംവാദം സർക്കാരിന് മംഗള പത്രം എഴുതുന്ന സ്തുതിപാടലാണ്. പോലീസിനെ നോക്കുത്തിയാക്കി സിപിഎം പ്രവർത്തകർ നിയമം കയ്യിലെടുക്കുന്നതിന്‍റെ  പ്രത്യാഘാതം വലുതായിരിക്കുമെന്ന് യുഡിഎഫ് മുന്നറിയിപ്പ് നൽകുന്നതായും എംഎം ഹസന്‍ പറഞ്ഞു. സർക്കാരിന്‍റെ  ഒന്നാം വാർഷിക ദിനം ജനദ്രോഹ വാർഷികം ആയി യുഡിഎഫ് ആചരിക്കും പഞ്ചായത്ത് കേന്ദ്രീകരിച്ച് സായാഹ്ന ധർണ്ണയും നടത്തും. കെ റെയിൽ അപകടം ജനങ്ങളെ ബോധ്യപ്പെടുത്താൻ യുഡിഎഫ് സംവാദം നടത്തുമെന്നും  പദ്ധതിയെ അനുകൂലിക്കുന്നവരെയും വിളിക്കുമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.