കെ റെയില്‍ പ്രതിഷേധം : സ്ത്രീകളെ റോഡില്‍ വലിച്ചിഴച്ച് പോലീസ് ; അമ്മയെ കൊണ്ട്പോകല്ലേയെന്ന് പിഞ്ച്കുഞ്ഞ് ; വോട്ട് ചെയ്ത് ജയിപ്പിച്ചത് തെറ്റായിപ്പോയെന്ന് നാട്ടുകാർ

Jaihind Webdesk
Thursday, March 17, 2022


ചങ്ങനാശേരി :  കെ റെയല്‍ സില്‍വർ ലൈന്‍ കല്ലിടലിനെതിരെ മാടപ്പളളിയില്‍ നടന്ന പ്രതിഷേധം വന്‍ സംഘർഷമായി. പ്രതിഷേധിക്കാന്‍ എത്തിയ സ്ത്രീകളെ അടക്കം പോലീസ് വലിച്ചിഴച്ചു അറസ്റ്റു ചെയ്ത് നീക്കി. അമ്മമാരെ ഉപദ്രവിക്കുന്നത് കണ്ട് കുഞ്ഞുങ്ങളടക്കം കരഞ്ഞു തളർന്നു. കണ്ട നാട്ടില്‍ കിടന്ന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ കിടപ്പാടം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്നും ഞങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം തരേണ്ട പോലീസ് ആത്മഹത്യയിലേക്ക് ഞങ്ങളെ തള്ളിവിടുകയാണെന്നും അസുഖം വന്നാല്‍ ചികിത്സ തേടാന്‍ ഒരു ആശുപത്രി ആണ് നമുക്ക് വേണ്ടത് എന്നൊക്കെ വളരെ വികാര നിർഭരരായി നാട്ടുകാർ വിളിച്ചു കരഞ്ഞുകൊണ്ടേയിരുന്നു.

വോട്ട് ചെയ്ത് ജയിപ്പിച്ചത് തെറ്റായിപ്പോയെന്നും നാട്ടുകാർ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടങ്ങാത്ത രോഷമാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. സമരവുമായി ബന്ധപ്പെട്ട് മുപ്പതോളം പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ പരുക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും അവരേയും  സ്റ്റേഷനിൽ തന്നെ നിർത്തിയിരിക്കുകയാണെന്നും ആരോപിച്ച് സമരക്കാർ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയാണ്. കോൺഗ്രസ് നേതാവ് കെ സി ജോസഫ്, ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് എന്നിവരുള്‍പ്പടെ സമരക്കാർക്കൊപ്പം  തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധിക്കുകയാണ്.

ഇന്ന് രാവിലെ കല്ലിടാനുള്ള സംവിധാനങ്ങളുമായി അധികൃതർ എത്തിയപ്പോഴേക്കും നാട്ടുകാർ സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പിന്നീട് നടന്ന ചർച്ചകൾ വിഭലമായതിനെ  തുടർന്നാണ് ലാത്തിച്ചാർജിലേക്ക് നീങ്ങിയത്. ചങ്ങനാശ്ശേരിയില്‍ നാളെ സമരസമിതി ഹർത്താല്‍ പ്രഖ്യാപിച്ചു. സ്ഥലത്ത്  പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.