കെ റെയിലിലെ കൊള്ള ആരംഭിച്ചു : കൺസള്‍ട്ടന്‍സി ഫീസായി ചെലവഴിച്ചത് കോടിക്കണക്കിന് രൂപ

Jaihind Webdesk
Tuesday, December 28, 2021
കെ റെയിൽ പദ്ധതിയിലും കൺസൾട്ടൻസി കൊള്ള.  പദ്ധതിക്ക് വേണ്ടി ചെലവഴിച്ച 16.69 കോടിയിൽ 12.68 കോടിയും കൺസൾട്ടൻസി ഫീസ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രേഖയുടെ പകർപ്പ് ജയ്‌ഹിന്ദ്‌ ന്യൂസിന് ലഭിച്ചു.
എന്ത്‌ വന്നാലും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു എന്ന വാശിയിലാണ് സംസ്ഥാന സർക്കാർ. അതിനിടയിലാണ് കൺസള്‍ട്ടന്‍സിക്ക് ഫീസിനത്തിൽ ഭീമമമായ തുക നൽകി എന്ന വിവരം പുറത്തു വരുന്നത്. പദ്ധതിക്ക് വേണ്ടി ചെലവഴിച്ച 16.69 കോടിയിൽ 12.68 കോടിയും കൺസൾട്ടൻസി ഫീസെന്നാണ്
വിവരവകാശരേഖയിൽ നിന്നും വ്യക്തമാകുന്നത്. ഏരിയൽ ലീഡാർ സർവേ നടത്തിയത് ഒരു പ്രെവറ്റ് കമ്പനിയാണ് . അവർക്ക് നൽകിയത് 1.41 കോടി രൂപയാണ്. 2020 നവംബർ 11 ന് കെറയിൽ നിന്നു ലഭിച്ച വിവരവകാശ മറുപടിയിലാണ് ഇതിന്റെ വിശദാംശങ്ങൾ ഉള്ളത്. 27.10-20 വരെ സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി 16, 69, 01, 613 രൂപ ചെലവഴിച്ചു എന്നാണ് കെ റയിൽ അറിയിച്ചിരിക്കുന്നത്.
പ്രൊഫഷണൽ ഫീ – 2 ലക്ഷം, കൺസൾട്ടൻസി ഫീ – 12.68 കോടി , സർവ്വെ 1.83 കോടി, സബ് സോയിൽ ഇൻ വെസ്റ്റിഗേഷൻ – 64.33 ലക്ഷം, റൺ കർവ് സിമുലേഷൻ – 1 ലക്ഷം, ലാന്റ് ഡീറ്റയിൽസ് കളക്ഷൻ -5.29 ലക്ഷം, മറ്റ് ചെലവുകൾ – 1.44 കോടി  ഇങ്ങനെയാണ് ചെലവുകൾ. ഒരു വർഷം മുമ്പത്തെ ചെലവുകളാണ് പുറത്ത് വന്നിരിക്കുന്നത്.
ഈ വർഷത്തെ ചെലവുകൾ ഇതിന്റെ മൂന്നിരട്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. 64,931  കോടി ചെലവ് പ്രതീക്ഷിക്കുന്ന സിൽവർ ലൈൻ പദ്ധതി തീരുമ്പോൾ 2 ലക്ഷം കോടിയെങ്കിലും ചെലവാകുമെന്നാണ്  വിദഗ്ധർ പറയുന്നത്. വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്ന അവശ്യം മുഖവിലക്കെടുക്കാതെ, 2025 ഇൽ ട്രെയിൻ ഓടിക്കും എന്ന വാശിയിലാണ് പിണറായി സർക്കാർ.