പിണറായിക്ക് ചുവപ്പിനേക്കാള്‍ താത്പര്യം കാവിയോട് ; വികസനത്തിന്‍റെ പേരിലുള്ള കൊള്ള അനുവദിക്കില്ല : കെ മുരളീധരന്‍ എംപി

Jaihind Webdesk
Sunday, October 24, 2021

തിരുവനന്തപുരം: കേരളത്തിലെ സിപിഎം മോദിയുടെ കാർബൺ കോപ്പിയാണെന്നും പകൽ കമ്യൂണിസ്റ്റും രാത്രി ബിജെപിയുമാണെന്നും കെ മുരളീധരന്‍ എംപി. കോൺഗ്രസുമായുള്ള സഹകരണത്തെ കേന്ദ്രകമ്മിറ്റിയിൽ നടന്ന ച‍ർച്ചയിൽ കേരളഘടകം എതി‍ർത്തതിനെ കടുത്ത ഭാഷയില്‍ മുരളീധരന്‍ വിമർശിച്ചു. കോൺഗ്രസ് തകരണം എന്നാഗ്രഹിക്കുന്നത് നരേന്ദ്രമോദിയും അമിത് ഷായും മാത്രമല്ല പിണറായിയും കൂടിയാണെന്ന് മുരളീധരൻ പറഞ്ഞു. ബിജെപിയെ നേരിടാൻ ശക്തിയുള്ള പാർട്ടി കോൺഗ്രസ് മാത്രമാണ്. നിലവിൽ സി പി എമ്മിന്‍റെ രണ്ട് എം പി മാർ തമിഴ്നാട്ടിൽ കോൺ ഗ്രസിനൊപ്പം നിന്ന് ജയിച്ചവരാണ് എന്നോ‍ർക്കണം

ലാവ്ലിൻ കേസ് അനന്തമായി നീളുന്നതിൽ പിണറായി വിജയനും ബിജെപിയുമായുള്ള ധാരണ വ്യക്തമാണ്. കർഷക സമരത്തെക്കുറിച്ച് അഭിപ്രായം പറയാത്ത എക ബിജെപി ഇതര മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ചുവപ്പിനേക്കാൾ താത്പര്യം കാവിയോടാണ് എന്ന അവസ്ഥയാണ്. എന്തായാലും കേരള ഘടകത്തിൻ്റെ നിലപാടും നി‍ർദേശവും സിപിഎം കേന്ദ്ര നേതൃത്യം അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.

സംസ്ഥാന സ‍ർക്കാർ കൊണ്ടു വന്ന കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെ.മുരളീധരൻ വ്യക്തമാക്കി. വികസനത്തിന്റെ പേരിൽ കൊള്ള നടത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. പ്രളയ ഫണ്ടിന് പണമില്ലാത്ത സർക്കാർ എവിടെ നിന്ന് ഇത്രയും വലിയ പദ്ധതിക്കായി പണം കണ്ടെത്തുമെന്ന് വ്യക്തമാക്കണം. എന്ത് വില കൊടുത്തും കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള സ‍ർക്കാർ നീക്കം തടയും. കെപിസിസി പുനസംഘടനയിൽ ഇനി പരസ്യ പ്രസ്താവനക്കില്ലെന്ന് വ്യക്തമാക്കിയ കെ. മുരളീധരൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ സ്വാ​ഗതം ചെയ്യുന്നതായും തെരഞ്ഞെടുപ്പ് നടന്നാൽ പിന്നെ പരാതികളുണ്ടാവില്ലെന്നും പറഞ്ഞു.