വടകരയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതും : കെ മുരളീധരന്‍

കോഴിക്കോട് : വടകര  ലോക്സഭാ മണ്ഡലത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരെ  ജനം വിധി എഴുതുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി കെ മുരളീധരൻ. ഭരണവും അക്രമവും എന്ന നയത്തിനെതിരെ ആണ് കോൺഗ്രസിന്‍റെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
അക്രമ രാഷ്ട്രീയത്തെ ശക്തമായി വിമർശിച്ചും വിവിധ രാഷ്ട്രീയ ചേരികളിൽ നിന്ന് ഉയർന്നുവരുന്ന വിമര്‍ശനങ്ങൾക്ക്  കടുത്ത ഭാഷയിൽ മറുപടി നൽകിയും കെ മുരളീധരൻ മാധ്യമങ്ങൾക്കു മുന്നിൽ നിറഞ്ഞു നിന്നു. സംസ്ഥാനത്തു നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ല. എസ്.എഫ്.ഐക്കാരനായ അഭിമന്യുവിന്‍റെ കൊലപാതകത്തിൽ പോലും അന്വേഷണം വഴിമുട്ടി നിൽക്കുന്നു. കേരളത്തിൽ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പിക്ക് കേരളത്തിൽ ഇടം ഉണ്ടാകരുത് എന്നാണ് കോൺഗ്രസ്‌ ആഗ്രഹിക്കുന്നത്.  വടകര മണ്ഡലത്തിൽ അക്രമ രാഷ്ട്രീയത്തിനെതിരെ ജനം വിധിയെഴുതുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.
10 വർഷമായി കോൺഗ്രസിന്‍റെ കയ്യിലുള്ള മണ്ഡലം നിലനിർത്തുക എന്നതാണ് പാർട്ടി ഏല്‍പിച്ചിരിക്കുന്ന ദൗത്യം. രാജ്യത്തു വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു മതത്തിന്‍റെയും വിശ്വാസങ്ങൾ ഹനിക്കപ്പെടരുത്. ജനതാദളിന്‍റെ ചുവടുമാറ്റം മുന്നണിയുടെ  മത്സരത്തെ ബാധിക്കില്ല. മുന്നണിയിൽ ആശയപരമായ യോജിപ്പാണ് പ്രധാനം. സംസ്ഥാന സർക്കാരിന്‍റെ കൂടി വിലയിരുത്തലാകും വിധി എന്നും മുരളീധരൻ കോഴിക്കോട് പ്രസ്ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പറഞ്ഞു.
vadakara campaignk muralidharan
Comments (0)
Add Comment