കൊവിഡ് : കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ അടിയന്തരമായി മാറ്റണം; മുഖ്യമന്ത്രിയ്ക്ക് കെ.മുരളീധരന്‍ എംപിയുടെ കത്ത്

Jaihind News Bureau
Wednesday, October 21, 2020

സംസ്ഥാനത്ത് കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ അടിയന്തരമായി മാറ്റിവയ്ക്കണമെന്ന് കെ.മുരളീധരന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെ.മുരളീധരന്‍ കത്തയച്ചു. പരീക്ഷ എഴുതേണ്ട നിരവധി വിദ്യാർത്ഥികൾ ക്വാറന്‍റൈനിലോ ക്രിട്ടിക്കൽ കണ്ടൈൻമെന്‍റ് സോണുകളിലോ ആണെന്നും കത്തില്‍ പറയുന്നു. വിദ്യാർത്ഥികളുടെ ആരോഗ്യം പോലും കണക്കിലെടുക്കാതെ പരീക്ഷ നടത്താനുള്ള നീക്കവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കെ മുരളീധരൻ എം.പിയുടെ ഇടപെടല്‍.

സംസ്ഥാനത്ത് 144 നിലനിൽക്കുന്ന സാഹചര്യത്തിലും കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷകൾ നടത്താനൊരുങ്ങുകയാണെന്നും കോളജ് ഹോസ്റ്റലുകൾ അടച്ച സാഹചര്യത്തിൽ താമസസൗകര്യവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാധാരണക്കാരായ വിദ്യാർഥികൾക്ക് യാത്രാദുരിതം ആണ് മറ്റൊരു പ്രശ്നം. ഈ സാഹചര്യം കൊവിഡ് വ്യാപനത്തിനും കാരണമായി മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികളുടെ ആവശ്യപ്രകാരമാണ് കെ.മുരളീധരന്‍ എംപി ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകിയത്.