പരിപ്പുവടയില്‍നിന്നും കട്ടന്‍ ചായയില്‍ നിന്നും ക്ലബ്ബ് ഡാന്‍സിലേക്കുള്ള മാറ്റമാണ് സി.പി.എമ്മില്‍ നടക്കുന്നത് : കെ മുരളീധരന്‍

Jaihind Webdesk
Sunday, June 30, 2019

പരിപ്പുവടയില്‍ നിന്നും കട്ടന്‍ചായയില്‍ നിന്നും ക്ലബ് ഡാന്‍സിലേക്കുള്ള മാറ്റമാണ് സി.പി.എമ്മില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രചരണസമിതി ചെയര്‍മാന്‍ കെ മുരളീധരന്‍ എംപി. സി.പി.എമ്മിന് 12 കോടിയോ 13 കോടിയോ ഒന്നും പ്രശ്‌നമല്ലെന്ന് ചില കേസുകള്‍ കോടികള്‍ കൊടുത്ത് ഒതുക്കിയതിലൂടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. കേരളത്തില്‍ തടവില്‍ കഴിയുന്ന ബി.ജെ.പിക്കാരെ വിട്ടയക്കുന്നതോടെ ബിനോയി പ്രശ്‌നവും തീരും. അല്ലെങ്കില്‍ ബിനോയിക്ക് ജയിലില്‍ പോകേണ്ടിവരും. മഹാരാഷ്ട്ര ഭരിക്കുന്നത് ആരാണെന്ന് നമുക്കറിയാം. ബി.ജെ.പിക്കാര്‍ നഷ്ടക്കച്ചവടത്തിന് നില്‍ക്കാന്‍ അത്രമാത്രം ഉദാരമനസ്‌ക്കരല്ല. സിപി.ഐ.എമ്മും ബി.ജെ.പിയും അസഹിഷ്ണുതയുടെ പ്രതീകമാണെന്നും മുരളീധരന്‍ പറഞ്ഞു.

കയ്യൂക്ക് കൊണ്ട് കളിച്ചതാണ് സി.പി.എമ്മിന് ഇത്ര വലിയ പരാജയമുണ്ടാകാന്‍ കാരണമായത്. സി.പി.എം പാര്‍ട്ടി ഗ്രാമങ്ങള്‍ ഇനി അധികകാലം നിലനില്‍ക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. വ്യവസായം തുടങ്ങാന്‍ വരുന്നവർക്ക് ഒരു മുഴം കയര്‍ എന്നതാണ് ഇടത് സര്‍ക്കാരിന്‍റെ നയമെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. തലശേരിയിലെ ബൂത്ത് ഏജന്‍റുമാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.