ജനസേവനത്തിനല്ല മുഖ്യമന്ത്രിയുടെ സദസ്; പരിധി വിട്ടാല്‍ ‘രക്ഷാപ്രവർത്തനം’ യുഡിഎഫും ഏറ്റെടുക്കുമെന്ന് കെ. മുരളീധരന്‍ എംപി

കണ്ണൂർ: സർക്കാർ പരിപാടിയെന്ന് പറഞ്ഞ് നടത്തുന്ന നവകേരള സദസിൽ മുഖ്യമന്ത്രി രാഷ്ട്രീയ എതിരാളികളെ ചീത്ത പറയുകയും ദുഷിക്കുകയുമാണെന്ന് കെ. മുരളീധരൻ എംപി. കരിങ്കൊടി കാട്ടുന്നവരെ മർദ്ദിക്കുന്നത് ജീവൻ രക്ഷാ പ്രവർത്തനമാണെങ്കിൽ ആ രക്ഷാ പ്രവർത്തനം യുഡിഎഫും ഏറ്റെടുത്ത് നടത്തുമെന്നും കെ. മുരളീധരൻ എം പി പറഞ്ഞു. കൂത്തുപറമ്പ് നിയോജക മണ്ഡലം യുഡിഎഫ് വിചാരണ സദസ് പാനൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാനൂരിൽ നടന്ന വിചാരണ സദസിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കല്ലറിഞ്ഞവരെ ന്യായീകരിച്ചവരാണ് ഇന്ന് കരിങ്കൊടി കാണിച്ചവരെ തല്ലിച്ചതയ്ക്കുന്നത്. പോലീസിനെ കൊണ്ട് തടങ്കിൽ പിടിപ്പിച്ച് ഡിവൈഎഫ്ഐയെ കൊണ്ട് അടിപ്പിക്കുകയാണ്. പരിധി വിട്ടാൽ കൈയും കെട്ടി നോക്കി നിൽക്കില്ല. കരിങ്കൊടി കാട്ടുന്നവരെ തടയുന്നത് ജീവൻ രക്ഷാ പ്രവർത്തനമാണെങ്കിൽ ആ ജീവൻ രക്ഷാ പ്രവർത്തനം യുഡിഎഫും ഏറ്റെടുത്ത് നടത്തുമെന്ന് കെ. മുരളീധരൻ എംപി വ്യക്തമാക്കി.

തമ്പ്രാനും അടിയാളുകളും ജനങ്ങളെ സേവിക്കാനല്ല കേരളത്തിലുടനീളം നവകേരള സദസ് നടത്തുന്നത്. പ്രഭാത സദസിൽ തമ്പ്രാൻ പറയുന്നത് കേൾക്കാനേ പൗരപ്രമുഖർക്കും കഴിയുന്നുള്ളൂ. എന്തു നേട്ടമാണ് അദ്ദേഹത്തിന് ജനങ്ങളോട് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിൽ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് ചെയർമാൻ പി.പി.എ. സലാം അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി, മറ്റ് യുഡിഎഫ് നേതാക്കള്‍ തുടങ്ങിയവർ സംസാരിച്ചു.x

Comments (0)
Add Comment