മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാർബൺ കോപ്പിയായി മാറി; സ്പ്രിങ്ക്‌ളറില്‍ ഏതറ്റം വരെയും പോകുമെന്ന് കെ മുരളീധരൻ എം പി

സ്പ്രിങ്ക്‌ളര്‍ ഇടപാട്‌ സിബിഐ അന്വേഷിക്കണമെന്ന് കെ മുരളീധരൻ എം പി. ലോക്ഡൗണിനു ശേഷം പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകും. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാർബൺ കോപ്പി ആയി മാറിയിരിക്കുന്നുവെന്നും കെ മുരളീധരൻ എംപി കോഴിക്കോട് പറഞ്ഞു.

കൊവിഡ് കാലത്ത് പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങളില്‍  കേന്ദ്ര, സംസ്ഥാന സർക്കാരുകളെ അദ്ദേഹം  രൂക്ഷമായി വിമർശിച്ചു. ക്വാറന്‍റൈന്‍ താമസിപ്പിക്കാൻ സന്നദ്ധമായ സംസ്ഥാനങ്ങളിൽ പ്രവാസികളെ തിരികെ കൊണ്ടു വരാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പ്രവാസികളുടെ ജീവൻ കൊണ്ടു പന്താടാൻ കഴിയില്ല. സ്പ്രിങ്ക്‌ളര്‍ കമ്പനിയുമായി കരാർ ഒപ്പിട്ടത് മാനദണ്ഡം പാലിക്കാതെയാണ്. വിദേശ കമ്പനിയുമായി കരാർ ഒപ്പിടുമ്പോൾ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അനുവാദം വാങ്ങണം. അത് പാലിക്കപ്പെട്ടില്ല. കേസ് സുതാര്യമാണെങ്കിൽ മുഖ്യമന്ത്രി അന്വേഷണം നേരിടണം. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തു വരട്ടെ. ലോക്ഡൗണിനു ശേഷം ഈ വിഷയത്തിൽ പ്രത്യക്ഷ സമരം നടത്തും. മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാർബൺ കോപ്പിയായി മാറിയിരിക്കുന്നു . ഈ വിഷയത്തിൽ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ. എം ഷാജി എംഎൽഎ ക്ക് എതിരെ നടപടിയെടുത്ത സംഭവം നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.

Comments (0)
Add Comment