കോഴിക്കോട് : പി.വി അൻവറിന്‍റെ മോശം പ്രതികരണത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ മുരളീധരൻ എംപി. അൻവറിനെതിരെ കർശന നടപടിയെടുക്കാനും ജനങ്ങളോട് മാപ്പ് പറയാനും മുഖ്യമന്ത്രി നിർദേശിക്കണം. ജനങ്ങളുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാകും. നിയമസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തത് ഗുരുതര പ്രശ്‌നമാണ്. ബിസിനസും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് നടപ്പില്ലെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.
‘മുഖ്യമന്ത്രി മറുപടി പറയണം. താന്‍ ജനങ്ങളുടെ ദാസന്മാരല്ല, ജനങ്ങള്‍ തന്‍റെ ദാസന്മാരാണ് എന്നാണ് ചിന്തയെങ്കില്‍ അതിനെ ശക്തമായ തിരിച്ചടി സമൂഹത്തില്‍ നിന്നുണ്ടാവും. മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. അദ്ദേഹത്തിന്‍റെ മുന്നണിയില്‍പ്പെട്ട അദ്ദേഹത്തില്‍ പാര്‍ട്ടിക്ക് അനുവദിച്ച സീറ്റില്‍ മത്സരിച്ചു വിജയിച്ചയാള്‍ പത്രക്കാർക്കെതിരെ മോശമായ ഭാഷയില്‍ പ്രതികരിച്ചു. അത്രയും മോശമായ തരത്തില്‍ സംസാരിച്ച എംഎല്‍എക്കെതിരെ കര്‍ശനമായ നടപടിയെടുക്കാനും അദ്ദേഹത്തെകൊണ്ട് മാപ്പ് പറയിപ്പിക്കാനുമുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. ഇതൊന്നും പാര്‍ലമെന്‍ററി സംസ്‌കാരത്തിന് ചേര്‍ന്നതല്ല’ – കെ മുരളീധരന്‍ എം.പി പറഞ്ഞു.
അസംബ്ലി സമ്മേളനങ്ങളില്‍ പങ്കെടുക്കാന്‍ പറ്റാത്തത്ര തിരക്കുണ്ടെങ്കില്‍ ഈ പണിക്ക് വരരുത്. രണ്ടും കൂടി നടക്കില്ല. ബിസിനസും നടക്കണം എംഎല്‍എയും ആകണം എന്നു പറയുന്നത് പൊതുപ്രവര്‍ത്തനത്തില്‍ നടപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.