PSC ക്രമക്കേട് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണം; LDF സർക്കാർ തെറ്റില്‍ നിന്നും തെറ്റിലേക്ക് : കെ മുരളീധരന്‍ എം.പി

എൽ.ഡി.എഫ് സർക്കാർ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് കെ മുരളീധരൻ എം.പി. പി.എസ്.സിയിലെ പരീക്ഷാ ക്രമക്കേട് ഹൈക്കോടതി ജഡ്ജിയെ കൊണ്ട്  അന്വേഷിപ്പിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു. കണ്ണൂർ കളക്ട്രേറ്റിന് മുന്നിൽ യു.ഡി.എഫ് സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ക്രിമിനൽ നാളത്തെ പോലീസ് ഇതാണ് പിണറായി സർക്കാരിന്‍റെ മുദ്രാവാക്യം. പി.എസ്.സിയിലെ ക്രമക്കേട് ഹൈക്കോടതി ജഡ്ജിയെ കൊണ്ട്  അന്വേഷിപ്പിക്കണം. സി.പി.എമ്മിന്‍റെ വിശ്വസ്തരായ കേഡർ അംഗങ്ങളാണ് പി.എസ്.സിയില്‍ ഉള്ളതെന്നും എൽ.ഡി.എഫ് സർക്കാർ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്നും കെ മുരളിധരൻ പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ നിയമനടപടിക്കുള്ള ഡി.ജി.പിയുടെ നീക്കത്തെയും കെ മുരളീധരന്‍ ശക്തമായി വിമർശിച്ചു. മാനമില്ലാത്ത ബെഹറയാണ് മാനഷ്ടത്തിന് കേസ് കൊടുത്തത്. സകല സി.പി.എം നേതാക്കളുടെ മുന്നിലും നടുവളച്ച് നിൽക്കുന്നവനാണ് ബെഹറ. മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല, തനിക്കെതിരെയും കേസെടുക്കട്ടെയെന്നും കെ മുരളീധരൻ പറഞ്ഞു.

എരണംകെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും . പിണറായി അധികാരത്തിൽ വന്നതിന് ശേഷം കേരള ജനതയ്ക്ക് ഒരു ഓണം പോലും ആഘോഷിക്കാൻ പറ്റിയില്ല. നരേന്ദ്ര മോദിയുടെ കാർബൺ കോപ്പിയാണ് പിണറായി വിജയൻ. രണ്ട് പേരും പ്രതിപക്ഷത്തെ ഒതുക്കാൻ നോക്കുന്നു. കോൺഗ്രസിനെ വഞ്ചിച്ച് ബി.ജെ.പിയിൽ എത്തിയ ആളെ ഗവർണറാക്കിവെച്ച് കേരളത്തിൽ കയറി കളിക്കാനാണ് നരേന്ദ്ര മോദിയുടെ നീക്കം. കേരളത്തിലെഅവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആകണമെന്ന നിർബന്ധം പിണറായി വിജയനുണ്ട്. അതിനുള്ള ശ്രമമാണ് പിണറായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്ന് മാറ്റുമെന്നും കെ മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ എ.ഡി മുസ്തഫ അധ്യക്ഷനായ ചടങ്ങിൽ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി, കെ സുരേന്ദ്രൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് അബ്ദുൾ ഖാദർ മൗലവി, വിവിധ ഘടകകക്ഷി നേതാക്കള്‍, ഡി.സി.സി നേതാക്കള്‍ തുടങ്ങിയവർ  സംസാരിച്ചു. നാളെ നടക്കുന്ന സമാപന പൊതുയോഗം കെ സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യും.

k muraleedharan mpdgpPSC Exam
Comments (0)
Add Comment