കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി കെ മുരളീധരന്‍ എം.പി. നില്‍ക്കക്കള്ളിയില്ലാതെ വന്നതുകൊണ്ടാണ് കെ സുരേന്ദ്രന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇത്തരം ഉണ്ടയില്ലാ വെടിയില്‍ ഭയക്കില്ലെന്നും കൊടകര കുഴല്‍പ്പണക്കേസില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ എല്ലാ ഏജന്‍സികളെക്കൊണ്ടും അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൈയ്യിൽ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഏതായാലും രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ പോകേണ്ട ഗതികേടിലാണെന്നും കെ മുരളീധരന്‍ പരിഹസിച്ചു.
കെ മുരളീധരന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :
ബി.ജെ.പിയുടെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ശക്തമായ ആരോപണങ്ങളിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ആരോപണ വിധേയനായ വ്യക്തി നിൽക്കക്കള്ളിയില്ലാതെ എനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടായില്ലാ വെടിയിൽ ഭയക്കുന്നവനല്ല ഞാൻ.
ഒരു സ്ഥാനാർഥി സ്വന്തം നിയോജകമണ്ഡലത്തിൽ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകർക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാർത്ഥിക്ക് ലഭിക്കില്ല.ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൈയ്യിൽ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാൻ ഉള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലിൽ പോകേണ്ട ഗതികേടിലാണ്.