കൊവിഡ് നിയന്ത്രണങ്ങള്‍ സിപിഎമ്മിന്‍റെ സൗകര്യത്തിന്‌ അനുസരിച്ച്; അക്രമം നോക്കിനില്‍ക്കാനാണെങ്കില്‍ പോലീസ് എന്തിന്?

Jaihind Webdesk
Friday, January 21, 2022

 

തിരുവനന്തപുരം : സർക്കാർ കൊവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്നത് സിപിഎം സമ്മേളനത്തിന് അനുസരിച്ചെന്ന് കെ മുരളീധരൻ എംപി. കാസർഗോഡ് കളക്ടറുടെ ഉത്തരവ് പിൻവലിച്ചത് ഇതിന് ഉദാഹരണമാണ്. അക്രമം കയ്യും കെട്ടി നോക്കി നില്‍ക്കാനാണെങ്കില്‍ കേരളാ പോലീസിന്‍റെ ആവശ്യമെന്താണെന്നും കെ മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ആരോഗ്യമന്ത്രിയെ വിഡ്ഢി വേഷം കെട്ടിക്കുകയാണ്. ആരോഗ്യമന്ത്രി എല്ലാ ദിവസവും വന്ന് കരയുന്നു. സ്വന്തം പാർട്ടിയിലെ ആള്‍ക്കാര്‍ തന്നെ ഇത് കേള്‍ക്കുന്നില്ലെന്ന് എംപി പരിഹസിച്ചു.   ഭരണകക്ഷിക്ക് കൂട്ടം കൂടാം എന്നതാണ് അവസ്ഥ. ആരോഗ്യപ്രശ്നമുള്ള വി ശിവൻകുട്ടിക്ക് പാർട്ടിയാണ് കൊവിഡ് നൽകിയതെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു.

കെ റെയില്‍ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സിപിഎമ്മിന്‍റെ ഗുണ്ടകളാണ് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചത്.  അഞ്ച് പേര്‍ മാത്രമാണ് പ്രതിഷേധവുമായി എത്തിയത്. അവരെ പോലീസിന് അറസ്റ്റ് ചെയ്ത് നീക്കാവുന്നതേയുള്ളൂ. പകരം സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദിക്കാനായി പിടിച്ചുവെക്കുകയാണ് പോലീസ് ചെയ്തത്. പോലീസിന്‍റെ നിഷ്ക്രിയത്വമാണ് പല അക്രമസംഭവങ്ങള്‍ക്കും വഴിവെക്കുന്നതെന്ന് കെ മുരളീധരന്‍ എംപി ആരോപിച്ചു. ഇത്തരത്തിലാണ് പ്രവര്‍ത്തനമെങ്കില്‍ കേരള പോലീസിന്‍റെ ആവശ്യമെന്താണെന്നും കെ മുരളീധരന്‍ എംപി ചോദിച്ചു.