കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി വടകര എംപി കെ മുരളീധരൻ അനുവദിച്ചത് 48 ലക്ഷം രൂപയുടെ സഹായം. കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ സർക്കാർ ആശുപത്രികൾക്കാണ് ഫണ്ട് അനുവദിച്ചത്.
കൊവിഡ് 19 പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായാണ് കോഴിക്കോട് കണ്ണൂർ ജില്ലകളിലെ വിവിധ ആശുപത്രികളിലേക്കായി എംപി ഫണ്ടിൽ നിന്നും തുക അനുവദിച്ചത്. തലശ്ശേരി , വടകര ഗവ: ജനറൽ ആശുപത്രികളിലേക്ക് 200 വീതം കൊവിഡ് 19 റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുവാൻ 7,60,000 രൂപ എംപി ഫണ്ടിൽ നിന്നും കെ മുരളീധരൻ എം പി അനുവദിച്ചു. ഇത് കൂടാതെ കൊവിഡ് രോഗികൾ കൂടുതൽ ഉള്ള കണ്ണൂരിലെ തലശ്ശേരി സർക്കാർ ആശുപത്രിയിലേക്ക് വെന്‍റിലേറ്റർ സൗകര്യം ഏർപെടുത്തുന്നതിനായി 25 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. കൊവിഡ് ചികിത്സ കേന്ദ്രമായി മാറ്റിയ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമായി വെന്‍റിലേറ്റർ സൗകര്യം ഒരുക്കാൻ 15 ലക്ഷം രൂപയും കെ മുരളീധരൻ എംപി അനുവദിച്ചിരുന്നു. ആകെ 48 ലക്ഷം രൂപയുടെ സഹായ ഫണ്ടാണ് കൊവിഡ് രോഗികൾക്ക് മാത്രമായി എംപി ചിലവഴിച്ചത്.