പിണറായി ധിക്കാരി; സഹായം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയെന്ന് കെ.മുരളീധരന്‍ എം.പി

Jaihind News Bureau
Wednesday, May 6, 2020

സഹായ ധനം നിഷേധിച്ച ആദ്യ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയെന്ന് കെ.മുരളീധരന്‍ എം.പി. സര്‍ സിപിക്കു ശേഷം കേരളം കണ്ട ഏറ്റവും ധിക്കാരിയായ വ്യക്തിയാണ് പിണറായിയെന്നും കെ.മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് ഒരു രൂപ പോലും നല്‍കില്ല. കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയലരെ രക്ഷപ്പെടുത്താന്‍ നിയോഗിക്കുന്ന വക്കീലന്മാര്‍ക്ക് കൊടുക്കാനാണ് ഈ പണം ഉപയോഗിക്കുന്നത്. മുഖ്യമന്ത്രിയേക്കാള്‍ മുകളിലാണ് കളക്ടര്‍ എന്ന രീതിയിലാണ് ചില ജില്ലാ കളക്ടര്‍മാരുടെ നിലപാട്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ കാണാന്‍ പോലും സമ്മതിക്കാത്തത് ഇതിന്‍റെ ഭാഗമാണെന്നും മുരളീധരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാക്കളെ പരിഹസിക്കാനും കുറ്റപ്പെടുത്താനുമുള്ള വേദിയായി പിണറായി വിജയന്‍ വൈകുന്നേരത്തെ വാര്‍ത്താസമ്മേളനത്തെ മാറ്റുകയാണ്. അതില്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നാണ് ഇപ്പോള്‍ തെളിഞ്ഞുവരുന്നതെന്നും കെ.മുരളീധരന്‍ ആരോപിച്ചു.