കെ. സുരേന്ദ്രന്‍റെ ആരോപണത്തിന് പിന്നില്‍ സിപിഎം ഡീല്‍; അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്

 

കണ്ണൂര്‍: എഡിഎം നവീന്‍ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ സിപിഎമ്മുമായുണ്ടാക്കിയ ഡീലിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഈ വിഷയത്തില്‍ തികച്ചും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്.

വിവാദപെട്രോള്‍ പമ്പിന് സ്ഥലം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഇടനിലക്കാരനായെന്ന കെ.സുരേന്ദ്രന്‍റെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണ്. കൈരേഖ കൈാണിച്ച് ഇതാണ് തെളിവെന്നു പറയുന്ന ശൈലിയാണ് സുരേന്ദ്രന്‍റേത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റിന് സിപിഎമ്മുമായുള്ള ഡീല്‍ പ്രകാരം അവരെ വെളുപ്പിച്ചെടുക്കാന്‍ എന്ത് അസംബന്ധവും ഉന്നയിക്കാം, പക്ഷേ ചെറുതായെങ്കിലും അതിന് അടിസ്ഥാനമുണ്ടെന്ന് തെളിയിക്കാനുള്ള ബാധ്യതയുണ്ടെന്നതു മറക്കരുതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ഓര്‍മ്മിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യക്കെതിരേ എല്ലാ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയരുമ്പോള്‍ അത്തരം ചര്‍ച്ചകളെ വഴിമാറ്റാന്‍ സിപിഎമ്മിന്‍റെ വക്കാലത്തേറ്റെടുത്തിരിക്കുകയാണ് കെ.സുരേന്ദ്രന്‍. മഞ്ചേശ്വരം കോഴക്കേസിലടക്കം രക്ഷിച്ചെടുക്കാന്‍ പിണറായി സര്‍ക്കാര്‍ ചെയ്യുന്ന പരിശ്രമങ്ങളുടെ പ്രത്യുപകാരമാണോ ഇതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരാഞ്ഞു.

പെട്രോള്‍ പമ്പ് സ്ഥലമിടപാടുമായി ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവിനും ബന്ധമില്ല. പബ്ലിസിറ്റിക്കു വേണ്ടി ശൂന്യതയിൽ നിന്ന് ആരോപണങ്ങളുന്നയിക്കുന്ന സുരേന്ദ്രൻ ഇക്കാര്യം തെളിയിക്കുകയാണ് ചെയ്യേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നയാൾ പറയുന്ന വാക്കുകളോട് അല്പമെങ്കിലും നീതി പുലർത്തണം. എന്തെങ്കിലുമൊക്കെ വിളിച്ചു പറഞ്ഞ് യഥാർത്ഥ വസ്തുതകളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അഡ്വ മാർട്ടിൻ ജോർജ് പറഞ്ഞു.

Comments (0)
Add Comment