മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ ബാബു ; ശക്തമായ പ്രചരണത്തില്‍ യുഡിഎഫ്

Jaihind News Bureau
Friday, March 19, 2021

 

കൊച്ചി : തൃപ്പൂണിത്തുറയെ ഇളക്കി മറിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബാബുവിന്‍റെ തെരഞ്ഞെടുപ്പ് പ്രചരണം മുന്നേറുന്നു. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം ഇത്തവണ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്.

പരമാവധി വോട്ടർമാരെയും മണ്ഡലത്തിലെ പ്രധാന വ്യക്തികളെയും നേരിട്ട് കണ്ട് വോട്ടുറപ്പിക്കുന്ന തിരക്കിലാണ് തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. മണ്ഡലം തല കൺവൻഷനുകളും ചെറിയ കുടുംബയോഗങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. ശബരിമല വിഷയം പ്രചരണായുധമായ മണ്ഡലങ്ങളിൽ ഒന്ന് കൂടിയാണ് തൃപ്പൂണിത്തുറ. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലവിലെ എം.എൽ.എ എം സ്വരാജ് മുമ്പ് നടത്തിയ വിവാദ പരാമർശം ഇടതുമുന്നണിക്ക് ക്ഷീണമായി മാറുകയാണ്. കെ ബാബു പങ്കെടുക്കുന്ന യോഗങ്ങളിൽ എല്ലാം വൻ ജനാവലി തടിച്ച് കൂടുന്നത് ഇടത് ക്യാമ്പിനെ അസ്വസ്ഥരാക്കുന്നുണ്ട്. സിനിമാ താരങ്ങൾ അടക്കമുള്ള പ്രമുഖ വ്യക്തികൾ കൺവൻഷനുകളിൽ പങ്കെടുക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ പ്രചരണ പ്രവർത്തനങ്ങൾക്കാണ് യുഡിഎഫ് ക്യാമ്പ് തയാറെടുക്കുന്നത്.

മണ്ഡലത്തിന്‍റെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന മുരടിപ്പ് വോട്ടർമാർക്കിടയിൽ വലിയ ചർച്ചയാണ്. കൂടാതെ കെ ബാബു എന്ന ജനസമ്മതനായ നേതാവിനെതിരെ ഇടതുപക്ഷം നടത്തിയ വ്യാജ പ്രചരണങ്ങൾ സി.പി.എമ്മിനെ ഇപ്പോൾ തിരിഞ്ഞ് കൊത്തുകയാണ്. കടുത്ത വേനൽ ചൂടിലും തളരാതെ അജയ്യനായി യു.ഡി.എഫ് സാരഥി കെ ബാബു മുന്നേറുമ്പോൾ ഇത്തവണ പരാജയത്തിന്‍റെ കയ്പുനീർ കുടിക്കാനാണ് സിറ്റിംഗ് എം.എൽ.എ എം സ്വരാജിന് വിധിയെന്നാണ് മണ്ഡലത്തിലെ ജനസംസാരം.