ജോജുവിനെതിരെ കടുത്ത നിലപാടുമായി കോൺഗ്രസ് ; ജോജു പ്രകോപനം സൃഷ്ടിച്ചെന്ന് കെ ബാബു എംഎല്‍എ

Jaihind Webdesk
Saturday, November 6, 2021

കൊച്ചി: ജോജു ജോർജ്ജ് സദാചാര പൊലീസ് ചമയുകയാണെന്ന് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് കെ ബാബു എംഎല്‍എ. മാസ്ക് ധരിക്കാതെയാണ് ജോജു അട്ടഹസിച്ചത്, എന്തുകൊണ്ട് ഇതിനെതിരെ പൊലീസ് കേസെടുത്തില്ലെന്നാണ് ബാബു ചോദിക്കുന്നത്. സിനിമാ നടൻമാർക്ക് വേറെ നിയമം ഉണ്ടോയെന്നാണ് ചോദ്യം. ഒത്തുതീർപ്പ് ശ്രമത്തിൽ നിന്ന് ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം നേതൃത്വമാണെന്നും കെ ബാബു ആരോപിച്ചു.

കോൺഗ്രസ് സമരത്തിനിടെ പ്രകോപനം സൃഷ്ടിച്ചത് ജോജുവാണെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കെ ബാബു. പൊലീസ് ഇതിന് കൂട്ടുനിൽക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. സിപിഎം സമരത്തിനിടയിലേക്കാണ് ജോജു വന്നിരുന്നതെങ്കിൽ ആംബുൻസിൽ കൊണ്ടുപോകേണ്ടി വന്നേനെയെന്നും ബാബു പറയുന്നു.

സമവായ ശ്രമങ്ങൾ നിലച്ചതിന് പിന്നാലെ നടൻ ജോജുവിനെതിരെ നിലപാട് കടുപ്പിക്കുകയാണ് കോൺഗ്രസ്. ജോജുവിനെതിരെ കേസെടുക്കാൻ വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് മഹിള കോൺഗ്രസും. സമവായ ചർച്ചകളിൽ നിന്ന് മാറി നിയമനടപടികളിലേക്ക് കടന്ന ജോജുവിനെതിരെ ഇനി രമ്യമായ നിലപാട് വേണ്ടെന്നാണ് കോൺഗ്രസ് നിലപാട്. ഇതിന്‍റെ ഭാഗമാണ് കെ ബാബു ജോജുവിനെതിരെ രംഗത്തെത്തിയത്.

വൈറ്റിലയിൽ തങ്ങളുടെ പ്രവർത്തകരെ ആക്രമിച്ചതിന് ജോജുവിനെതിരെ കേസെടുക്കണമെന്ന ആവശ്യം മഹിള കോൺഗ്രസ് ആവർത്തിക്കുന്നു. അനൂകൂല തീരുമാനം വരുന്നത് വരെ പ്രതിഷേധം തുടരാനാണ് തീരുമാനം. ഡിസിസി നിർദ്ദേശപ്രകാരമമാണ് പ്രതിഷേധം ശക്തമാക്കുന്നത്.