മുല്ലപ്പെരിയാർ മരംമുറി : ഉത്തരവ് സർക്കാരിന്‍റെ അറിവോടെ , തെളിവുകള്‍ പുറത്ത് ; കേരളത്തെ വെള്ളരിക്ക പട്ടണമാക്കുകയാണെന്ന് കെ ബാബു

Jaihind Webdesk
Tuesday, November 9, 2021

മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് സർക്കാർ അറിഞ്ഞുതന്നെ. കേരള തമിഴ്നാട് ഉദ്യോഗസ്ഥർ ബേബി ഡാമിൽ സംയുക്ത പരിശോധന നടത്തിയതിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത്. സെപ്റ്റംബർ 3ന് മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ സംസ്ഥാന സർക്കാരിന് അയച്ച കത്ത് പുറത്ത്.

മുല്ലപ്പെരിയാർ മരംമുറി ഉത്തരവിൽ സംസ്ഥാന സർക്കാർ ഉയർത്തിയ വാദങ്ങൾ പൊളിയുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ സംയുക്തമായി ബേബി ഡാമിൽ പരിശോധന നടത്തിയതിന്റെ വിശദാംശങ്ങളും വിവരങ്ങളും പുറത്തുവന്നു. മുല്ലപ്പെരിയാർ മേൽനോട്ട സമിതി അധ്യക്ഷൻ സംസ്ഥാന സർക്കാരിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. ജൂൺ മാസം 11-നാണ് കേരള വനം വകുപ്പ് ഉദ്യോഗസ്ഥരും തമിഴ്നാട് ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തിയത്.

ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് എത്ര മരങ്ങൾ മുറിക്കണം എന്നുള്ളതായിരുന്നു പരിശോധനയുടെ പ്രധാന ഉദ്ദേശം. പതിനഞ്ച് മരങ്ങൾ മുറിക്കണമെന്ന് പരിശോധനയിൽ കണ്ടെത്തുകയും ഈ മരങ്ങൾ മുറിക്കുന്നതിന് സംസ്ഥാന വനം വകുപ്പിൽ ഓൺലൈനിലൂടെ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്നാട്മുഖ്യമന്ത്രി കത്ത് അയച്ചപ്പോൾ മാത്രമാണ് വിവാദ മരം മുറി ഉത്തരവിനെ കുറിച്ച് അറിഞ്ഞത് എന്ന സർക്കാർ വാദമാണ് ഇതോടെ പൊളിയുന്നത്. അതേസമയം മരംമുറി അനുമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ വനംമന്ത്രി നൽകിയ മറുപടിയും പാളി. ഉത്തരവിറക്കുന്നതിന് മുൻപ് കേരള-തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ വാദം.കേരള തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്ന് പിന്നീട് സ്ഥിരീകരിച്ചു.

അതേസമയം , വിവാദത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസും രംഗത്ത് വന്നു. ബേബി ഡാം മരം മുറി ഉത്തരവ് പിൻവലിച്ച നടപടി അസാധാരണ വേഗത്തിലാണെന്ന് കെ ബാബു എംഎൽഎ പരിഹസിച്ചു. ഉത്തരവ് കേരളത്തിന്റെ കേസ് ദുർബലമാക്കും. മുഖ്യമന്ത്രി ഇതുവരെ ഇതേക്കുറിച്ച് മിണ്ടിയില്ല. മൗനിബാബയായി തുടരുകയാണ്. സംസ്ഥാന സർക്കാർ എന്തൊക്കെയോ ഒളിപ്പിക്കുന്നുണ്ട്. തമിഴ്നാട്ടിലെ സിപിഎം താത്പര്യം സംരക്ഷിക്കാനാണ് ഈ ഉത്തരവ്. ഡിഎംകെ തെരഞ്ഞെടുപ്പ് ചിലവിനായി 10 കോടി രൂപ സിപിഎമ്മിന് കൊടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥരെ ബലിയാടാക്കി കൈ കഴുകാനുള്ള ശ്രമമാണ് സംസ്ഥാന സർക്കാർ നടത്തുന്നത്. സംയുക്ത പരിശോധനയുമായി ബന്ധപ്പെട്ട് വനം മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തെ വെള്ളരിക്ക പട്ടണമാക്കുകയാണെന്ന് ആരോപിച്ച കെ ബാബു, സംസ്ഥാന സർക്കാർ തന്നെ രാജി വച്ചൊഴിയണമെന്നും ആവശ്യപ്പെട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.