ശൈലജ ടീച്ചറെ പരനാറിയെന്നോ കുലംകുത്തിയെന്നോ നികൃഷ്ട ജീവിയെന്നോ മുല്ലപ്പള്ളി വിളിച്ചിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമർശങ്ങള്‍ക്ക് മറുപടിയുമായി ജ്യോതികുമാര്‍ ചാമക്കാല

Jaihind News Bureau
Sunday, June 21, 2020

കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെക്കണ്ട പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തെ രാഷ്ട്രീയ വിശദീകരണയോഗമാക്കി മാറ്റിയെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല. സമൂഹമാധ്യമത്തിലൂടെയാണ് മുഖ്യമന്ത്രിയുടെ ആക്ഷേപങ്ങള്‍ക്ക് ജ്യോതികുമാര്‍ ചാമക്കാല അക്കമിട്ട് മറുപടി പറഞ്ഞിരിക്കുന്നത്. തികച്ചും അപ്രധാനമായ എന്തോ ഒന്ന് എന്ന മട്ടില്‍ കേരളത്തില്‍ 127 പേര്‍ക്ക് കൊവിഡ് പിടിച്ചു എന്ന് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി പിന്നീട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിലെന്ന പോലെയാണ് പിന്നീട് സംസാരിച്ചതെന്നും ചാമക്കാല കുറ്റപ്പെടുത്തുന്നു. ഒപ്പം എഴുതിത്തയാറാക്കിയ പ്രസംഗത്തിന്‍റെ കുറിപ്പ് മാറിപ്പോയതാകാനാണ് സാധ്യത എന്ന പരിഹാസവും.

പ്രളയഫണ്ട് തട്ടിപ്പ്, സ്പ്രിങ്ക്ളര്‍, ബെവ്ക്യൂ, പമ്പ മണല്‍വാരല്‍, കറന്‍റ് ബില്ല്, വാളയാറിലെ മനുഷ്യാവകാശലംഘനം, ഗതാഗതമന്ത്രിയുടെ സെക്രട്ടറിയുടെ ഫണ്ട്, ഓണ്‍ലൈന്‍ പഠനമെന്ന ചതി, ചാര്‍ട്ടേഡ് വിമാനത്തിലെ കൊവിഡ് പരിശോധന പ്രതിപക്ഷം രംഗത്തിറങ്ങിയതുകൊണ്ട് ജനമറിഞ്ഞതും പിണറായിക്ക് തിരുത്തേണ്ടി വന്നതുമായ കാര്യങ്ങളുടെ പട്ടിക നിരത്തണോ എന്നും ജ്യോതികുമാര്‍ ചാമക്കാല ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം…തല്‍സമയ സംപ്രേഷണം

ആറു മണിക്ക് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എന്നാണ് 5.30 മുതല്‍ കേരളത്തിലെ ചാനലുകള്‍ എഴുതിക്കാണിച്ചത്

കോവിഡ് രോഗവ്യാപനം എവിടെയെത്തി എന്നറിയാന്‍ ( അറിയാന്‍ നിലവില്‍കേരളത്തില്‍ വേറെ മാര്‍ഗങ്ങളില്ലല്ലോ) ടിവിയ്ക്ക് മുന്നിലിരുന്നവര്‍ കേട്ടത് പക്ഷേ സിപിഎം രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പറയാന്‍ എഴുതിത്തയാറാക്കിയ പ്രസംഗം മുഖ്യമന്ത്രി വായിക്കുന്നതാണ്…

കുറിപ്പ് മാറിപ്പോയതാവാനാണ് സാധ്യത

ആരോഗ്യവകുപ്പ് തയാറാക്കുന്ന രോഗവ്യാപന കണക്ക് ഇങ്ങനെയാവില്ലല്ലോ….

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന് പറഞ്ഞ് മാധ്യമങ്ങളെയും പറ്റിച്ചു

തികച്ചും അപ്രധാനമായ എന്തോ ഒന്ന് എന്ന മട്ടില്‍ കേരളത്തില്‍ 127 പേര്‍ക്ക് കോവിഡ് പിടിച്ചു എന്ന് അദ്ദേഹം തുടക്കത്തില്‍ പറഞ്ഞുപോയി……

പിന്നീട് മുഖത്തൊരു ചിരിയാണ്….വലുതെന്തോ കിട്ടി എന്ന മട്ടിലാണ് തുടങ്ങിയത്….

അരി കഴുകി അടുപ്പത്തിടണം, വെള്ളം കുടിക്കണം, ഇടയ്ക്കിടെ മൂത്രമൊഴിക്കണം, പഴവും പച്ചക്കറിയും കഴിക്കണം തുടങ്ങി മലയാളിക്കറിയാത്ത മഹാകാര്യങ്ങളാണല്ലോ ഇത്രദിവസം ഒരു മണിക്കൂറില്‍ പറഞ്ഞ് തള്ളിക്കൊണ്ടിരുന്നത്……

ഇന്നത്തെ പുഞ്ചിരിയും പതിവില്ലാത്ത ആത്മവിശ്വാസവും കണ്ടപ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ കേരളം വലുതെന്തോ നേടി എന്നാണ് കരുതിയത്….

ഉറവിടമറിയാതെ മരിച്ച രോഗികളെക്കുറിച്ചോ ചികില്‍സ കിട്ടാതെ മരിച്ച എക്സൈസ് ഉദ്യോഗസ്ഥനെക്കുറിച്ചോ സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന 200നടുത്ത് ആളുകളെക്കുറിച്ചോ പറയാന്‍ പോകുന്നു എന്നായിരുന്നു പ്രതീക്ഷ….

സിസ്റ്റര്‍ ലിനിയുടെ കുടുംബത്തെ കോണ്‍ഗ്രസ് വേട്ടയാടിയത്രെ……

വസ്തുതാവിരുദ്ധമായ ചില പ്രസ്താവനകള്‍ തിരുത്തിയതിനപ്പുറം എന്ത് വേട്ടയാടലാണ് കോണ്‍ഗ്രസ് ചെയ്തത് …..

സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് തെറ്റായ ഒരു കാര്യം പറഞ്ഞപ്പോള്‍ അത് തിരുത്താനുള്ള അവകാശം മുല്ലപ്പള്ളിക്കുണ്ട്…

രാജ്യത്തിനായി ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ കുടുംബത്തെ പിണറായിയുടെ പാര്‍ട്ടി നേതാവ് അപമാനിച്ചത് പോലെയൊന്നും കോണ്‍ഗ്രസ് ചെയ്തിട്ടില്ല

പിന്നെ സ്ത്രീ വിരുദ്ധത, ശൈലജ ടീച്ചറെ പരനാറിയെന്നോ കുലംകുത്തിയെന്നോ നികൃഷ്ട ജീവിയെന്നോ മുല്ലപ്പള്ളി വിളിച്ചിട്ടില്ല….

രമ്യ ഹരിദാസിനെയും ഷാനി മോള്‍ ഉസ്മാനെയുമെല്ലാം തന്‍റെ പാര്‍ട്ടിക്കാര്‍ അങ്ങേയറ്റം മ്ലേഛമായ ഭാഷയില്‍ അപമാനിച്ചപ്പോള്‍ പിണറായിക്ക് സ്ത്രീ വിരുദ്ധതയോര്‍ത്ത് വികാരമുണ്ടാവാഞ്ഞതെന്ത്

മുഖപ്രസംഗങ്ങള്‍ പലതും വരും, പിണറായിയെക്കുറിച്ചും വന്നിട്ടുണ്ട്, പത്രത്തിന്‍റെ പഴയതാളുകള്‍ മറിച്ച് നോക്കുന്നത് നന്നാവും

പ്രതിപക്ഷം പറഞ്ഞതെല്ലാം മണ്ടത്തരമായിരുന്നത്രേ…

പ്രളയഫണ്ട് തട്ടിപ്പ്, സ്പ്രിങ്ക്ളര്‍, ബെവ്ക്യൂ, പമ്പ മണല്‍വാരല്‍, കറന്‍റ് ബില്ല്, വാളയാറിലെ മനുഷ്യാവകാശലംഘനം,,ഗതാഗതമന്ത്രിയുടെ സെക്രട്ടറിയുടെ ഫണ്ട്, ഓണ്‍ലൈന്‍ പഠനമെന്ന ചതി, ചാര്‍ട്ടേഡ് വിമാനത്തിലെ കോവിഡ് പരിശോധന പ്രതിപക്ഷം രംഗത്തിറങ്ങിയതുകൊണ്ട് ജനമറിഞ്ഞ, പിണറായിക്ക് തിരുത്തേണ്ടി വന്നവയുടെ പട്ടിക നിരത്തണോ

അതുകൊണ്ട് ഒന്നേ പറയാനുള്ളൂ…ഇന്ന് വായിച്ചു തീര്‍ത്ത വേഗത്തില്‍ രോഗികളുടെ എണ്ണം എല്ലാ ദിവസവും വായിച്ചു തീര്‍ത്താല്‍ എല്ലാവര്‍ക്കും സമയം ലാഭിക്കാം.

രാഷ്ട്രീയ പ്രസംഗത്തിന് കേരളത്തിലെ ചാനലുകളുടെ ഒരു മണിക്കൂര്‍ ഉപയോഗിക്കുമ്പോള്‍ നാം മുന്നോട്ടിന് കൊടുക്കുന്നതിന് പോലെ ഇതിന് പണം കൊടുക്കുന്നില്ല എന്ന് ആരെങ്കിലും മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കുന്നതും നന്നാവും…