നടിയെ ആക്രമിച്ച കേസ് : മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗണേഷ് കുമാറിന്‍റെ പി.എ തന്നെ ; തെളിവ് പുറത്തുവിട്ട് ജ്യോതികുമാർ ചാമക്കാല

Jaihind News Bureau
Wednesday, November 11, 2020

 

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേശ് കുമാർ എംഎൽഎയുടെ പി.എ പ്രദീപ് തന്നെയെന്ന് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ് കുമാർ എത്തുന്ന ചിത്രങ്ങൾ സഹിതം ചാമക്കാല ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

നടിയെ തട്ടി ക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കൊല്ലം കോട്ടാത്തല സ്വദേശി എം. പ്രദീപ്കുമാറിനെ പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പ്രദീപ് കുമാർ ഈ ആരോപണം നിഷേധിച്ചിരുന്നു. മാപ്പുസാക്ഷിയായ കാസർകോട് ബേക്കൽ സ്വദേശി വിപിൻ ലാലിനെ മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് ജനുവരി 24നും 28നും ഫോണിൽ വിളിച്ചും സെപ്റ്റംബർ 24നും 25നും സന്ദേശങ്ങൾ അയച്ചുമാണു പ്രതി ഭീഷണിപ്പെടുത്തിയത്. സ്വാധീനിക്കാനായി കാസർകോട്ടെത്തിയ പ്രദീപ്കുമാർ മാപ്പുസാക്ഷിയുടെ അടുത്തബന്ധുക്കളെ നേരിട്ടുകണ്ടതിന്‍റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതാണ് പ്രദീപിന് വിനയായത്.

ഫോൺ വിളി രേഖകളും പൊലീസ് കണ്ടെത്തിയിരുന്നു. ഈ ചിത്രങ്ങൾ സഹിതമാണ് ജ്യോതികുമാർ ചാമക്കാല രംഗത്തെത്തിയിരിക്കുന്നത്. വിചാരണക്കോടതിക്കെതിരെ നടിയും പ്രൊസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിൽ കേസിന്റെ വിചാരണ നടപടികൾ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്.

സോളാർ തട്ടിപ്പ് കേസ് പ്രതി സരിത എസ്. നായരെ അട്ടകുളങ്ങര വനിതാ ജയിലിൽ വേഷം മാറി കാണാൻ പോയത് പ്രദീപ് കുമാറാണെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സോളാർ കമ്മീഷനും ഇയാളെ വിളിപ്പിച്ചിരുന്നു.

2017ൽ നടിയെ തട്ടി ക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ റിമാൻഡ് പ്രതികളെ സന്ദർശിക്കാൻ വ്യാജവിലാസം നൽകി ആലുവ സബ്ജയിലിൽ പ്രദീപ് കയറിയതായുള്ള സൂചന ലഭിച്ചതിനെത്തുടർന്ന് 7 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന ഐപിസി 195 എ (തെറ്റായ തെളിവു നൽകാൻ പ്രേരിപ്പിക്കൽ), 2 വർഷം തടവു ലഭിക്കാവുന്ന ഐപിസി 506 (ഭീഷണി) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസിനു നിയമോപദേശം ലഭിച്ചെങ്കിലും എംഎൽഎ ഇടപെട്ടതോടെ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.

സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണമെന്നും, ഇക്കാര്യത്തിൽ ഗണേഷ് കുമാറെന്ന് ഇടത് എംഎൽഎ യുടെ താല്പര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും ജോതികുമാർ ചാമക്കാല തന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു

ജ്യോതികുമാർ ചാമക്കാലയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം :

നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചത് കെ.ബി.ഗണേഷ് കുമാർ എം.എൽ.എയുടെ പി.എ പ്രദീപ്‌ എന്ന് വ്യക്തം. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്‍റെ ബന്ധുവിനെ കാണാൻ പ്രദീപ്‌ എത്തുന്ന ദൃശ്യങ്ങൾ ആണിത്. ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ്‌ കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജ്വല്ലറിയിൽ എത്തിയത്. സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം . എന്താണ് ഗണേഷ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം