ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയ ജസ്റ്റിസ് ഗൗറിന് ഉന്നത പദവി; പി.എം.എല്‍.എ ചെയര്‍മാനായി നിയമനം

Jaihind Webdesk
Wednesday, August 28, 2019

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി അറസ്റ്റിന് വഴിയൊരുക്കിയ ജസ്റ്റിസ് സുനില്‍ ഗൗറിന് കേന്ദ്രസര്‍ക്കാര്‍ ഉന്നത പദവി നല്‍കി. സാമ്പത്തിക ക്രമക്കേടുകള്‍ തടയുന്നതിനുള്ള ഉന്നത ട്രൈബ്യൂണലിന്റെ ചെയര്‍മാനായാണ് നിയമനം. സെപ്റ്റംബര്‍ 23ന് ഇദ്ദേഹം ചുമതലയേല്‍ക്കുമെന്നാണ് അറിയുന്നത്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഗൗറിന്റെ വിധിന്യായത്തില്‍ സി.ബി.ഐയുടെ കുറ്റപത്രത്തെ കോപ്പി പേസ്റ്റ് ചെയ്യുകയാണുണ്ടായതെന്ന് ചിദംബരത്തിന്റെ അഭിഭാഷകനായ കബില്‍ സിബല്‍ ആരോപിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് കേന്ദ്രസര്‍ക്കാര്‍ ഗൗറിനെ ഉന്നതസ്ഥാനത്ത് വാഴിച്ചിരിക്കുന്നത്. വിരമിക്കാന്‍ മൂന്ന് ദിവസം മാത്രം ശേഷിച്ചിരുന്ന ഗൗര്‍ ജാമ്യാപേക്ഷ പരിഗണിച്ചതും നിഷേധിച്ചതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സുപ്രീംകോടതിയിലും ഈ വിമര്‍ശനം അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു. എ.എന്‍.എക്‌സ് കേസിന് പുറമെ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവന്‍ റതുല്‍ പുരിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസ്, അഗസ്തവെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കെതിരായ നാഷണല്‍ ഹെറാള്‍ഡ് കേസ് തുടങ്ങിയവയിലെല്ലാം സുനില്‍ ഗൗറിന്റെ നിലപാടുകള്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.