കൊച്ചി : മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് കെമാൽ പാഷ. തന്നെ ജമാഅത്തെ ഇസ്ലാമി – എസ്.ഡി.പി.ഐക്കാരനാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം നടക്കില്ലെന്ന് ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. മുഖ്യമന്ത്രിക്ക് തിമിരം ബാധിച്ചിരിക്കുകയാണെന്നും തന്നെ തളർത്താനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ജസ്റ്റിസ് കെമാൽ പാഷ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
മുഖ്യമന്ത്രി ഇന്നലെ കൊല്ലത്ത് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കെമാല് പാഷ. മുൻ ന്യായാധിപൻ ജമാ അത്തെ ഇസ്ലാമിയുടെ നാവായി മാറുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തന്നെ ജമാഅത്തെ ഇസ്ലാമി – എസ്.ഡി.പി.ഐക്കാരനായി ചിത്രീകരിച്ച് തളർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ശ്രമം നടക്കില്ല. മുഖ്യമന്ത്രി ആരോപിച്ച രണ്ട് മതസംഘടനകൾ തന്നെ ഇതുവരെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് ക്ഷണിച്ചിട്ടില്ലെന്നും സി.പി.എം ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സമരങ്ങൾക്കും താൻ പോയിട്ടുണ്ടെെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്ക് ഒപ്പമാണെന്ന് പറയുകയും നിയമത്തെ അനുകൂലിക്കുന്നവരെ സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ മുഖ്യമന്ത്രി തളർത്തുകയാണ്. മുഖ്യമന്ത്രിക്ക് സങ്കുചിത മനസാണെെന്നും ജസ്റ്റിസ് കെമാൽ പാഷ കുറ്റപ്പെടുത്തി.
വാളയാർ പീഡന കേസന്വേഷണത്തിലെ പോലീസ് വീഴ്ചക്കെതിരെയും ഏഴ് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെയും, അലന്, താഹ എന്നിവർ മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെയും താൻ വിമർശിച്ചിരുന്നു. സത്യം പറയുമ്പോൾ മുഖ്യമന്ത്രി പ്രകോപിതനാവുകയാണെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു. മുഖ്യമന്ത്രിയുടെ കണ്ണിനും കാതിനും തിമിരം ബാധിച്ചുവെന്നും ജസ്റ്റിസ് കെമാൽ പാഷ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.