ഫാത്തിമ ബീവിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ മന്ത്രിയെത്തിയില്ല, അവധിയും നല്‍കിയില്ല; അതൃപ്തി പരസ്യമാക്കി മുസ്ലീം ജമാഅത്ത്

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ മരണത്തില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്താത്തതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ജമാഅത്ത്. സ്വന്തം ജില്ലക്കാരിയായ മന്ത്രി വീണാ ജോര്‍ജ് എത്തിയില്ലെന്ന് മുസ്ലിം ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു. മന്ത്രി വരാത്തതില്‍ വിഷമം ഉണ്ട്. അത് ഒരു കുറവായി തന്നെ കാണുന്നുവെന്ന് ജമാഅത്ത് പ്രസിഡന്റ് എച്ച്. ഷാജഹാന്‍ പറയുന്നു. മന്ത്രി പൊതു സമൂഹത്തോട് മറുപടി പറയേണ്ടിവരും. മുനിസിപ്പല്‍ പരിധിയിലുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ പോലുമുള്ള മനസ്സുണ്ടായില്ലെന്നും ഭാരവാഹികള്‍ വിമര്‍ശിച്ചു. ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന് രാവിലെ നടന്നിരുന്നു.

തമിഴ്‌നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി ചുമതല വഹിച്ചിട്ടുളള ഫാത്തിമബീവി 1927 ഏപ്രില്‍ 30ന് പത്തനംതിട്ട ജില്ലയില്‍ അണ്ണാവീട്ടില്‍ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായിട്ടായിരുന്നു ജനനം. പത്തനംതിട്ട കത്തോലിക്കേറ്റ് സ്‌കൂളില്‍ നിന്നും സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. 1950 നവംബര്‍ 14ന് അഭിഭാഷകയായി എന്റോള്‍ ചെയ്തു. 1958 ല്‍ സബോര്‍ഡിനേറ്റ് മുന്‍സിഫായി നിയമനം നേടി. 1968 ല്‍ സബോര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി, 1972 -ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി. 1974 -ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി. 1983 ഓഗസ്റ്റ് 4-ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.

1989 ഏപ്രില്‍ 30-ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിലെ ആദ്യ വനിതയായിരുന്നു ഫാത്തിമ ബീവി. 1989 ഒക്ടോബര്‍ 6-നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രില്‍ 29-ന് വിരമിച്ചു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി. 1997 ജനുവരി 25 മുതല്‍ 2001 ജൂലൈ 3-വരെ തമിഴ്‌നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചു. അക്കാലത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയാകാന്‍ അനുവദിച്ചത് വിവാദമായി. പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണറെ തിരിച്ചു വിളിക്കാന്‍ കേന്ദ്രം തീരുമാനിച്ചെങ്കിലും അതിന് മുന്‍പ് തന്നെ ഗവര്‍ണര്‍ പദവി രാജിവെച്ചു.

Comments (0)
Add Comment