പിൻവാതിൽ നിയമനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം : ജി.ദേവരാജൻ

Jaihind News Bureau
Saturday, February 6, 2021

സംസ്ഥാന സർക്കാരിൻ്റെ കാലാവധി കഴിയാറായിരിക്കെ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തിക്കൊണ്ട് നടത്തുന്ന അനധികൃത നിയമനങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ ആവശ്യപ്പെട്ടു.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. പി.എസ്.സി പരീക്ഷ എഴുതിയും എംപ്ലോയ്‌മെൻ്റ് എക്സേഞ്ചുകളിൽ പേർ രജിസ്റ്റർ ചെയ്തും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് കേരളത്തിൽ സർക്കാർ ജോലിക്കായി കാത്തിരിക്കുന്നത്. അവരെയൊക്കെ വഞ്ചിക്കുന്ന നടപടികളാണ് ഇപ്പോൾ സംസ്ഥാനത്ത് അരങ്ങേറുന്നത്. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിനു സുപ്രീം കോടതി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ ലംഘിക്കുകയും തെറ്റായി വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും നിയമനങ്ങൾ പി.എസ്.സി യ്ക്ക് വിടാതെ അഴിമതിയ്ക്കുള്ള മേച്ചിൽപ്പുറങ്ങളാക്കി നിർത്തിയിരിക്കുകയാണ്. അഞ്ചു വർഷം അധികാരത്തിലിരുന്നിട്ട് നടപടിക്രമങ്ങൾ പാലിക്കാതെ, മന്ത്രിസഭയുടെ അവസാന നാളുകളിൽ നടത്തുന്ന ഈ സ്ഥിരപ്പെടുത്തൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്.

തൊഴിലിനായി യുവതീ യുവാക്കളെ അണിനിരത്തി സമാനതകളില്ലാത്ത സമരങ്ങൾ സംഘടിപ്പിച്ച യുവജന സംഘടനയുടെ ഭാരവാഹികളുടെ ബന്ധുമിത്രാദികൾക്കെല്ലാം ഉന്നത ഉദ്യോഗങ്ങൾ പിൻവാതിലിലൂടെ തട്ടിയെടുക്കുന്നത് യുവജനങ്ങളോട് കാട്ടുന്ന വഞ്ചനയും രാഷ്ട്രീയ കാപട്യവുമാണ്. അധികാരത്തിൻ്റെ തണലിൽ നടക്കുന്ന ഈ തൊഴിൽത്തട്ടിപ്പുകളെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും യുവജന നേതാക്കന്മാരും ഓരോ ദിവസവും സമൂഹമധ്യത്തിൽ അപഹാസ്യരായി മാറുന്നുവെന്നും ദേവരാജൻ കുറ്റപ്പെടുത്തി.