പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത് ; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര, ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ്


പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പിന്റെ ആദ്യ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ഭൂരിഭാഗം പോളിങ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. വോട്ടെടുപ്പില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. 184 ബൂത്തുകളിലും വോട്ടെടുപ്പ് തുടരുകയാണ്.

മോക് പോളിങിനുശേഷം രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ആറുമണിയോടെ തന്നെ പോളിങ് ബൂത്തുകളിലേക്ക് ആളുകള്‍ എത്തിയിരുന്നു. ആദ്യം തന്നെ വോട്ട് ചെയ്ത് പിന്നീടുള്ള തിരക്ക് ഒഴിവാക്കാനാണ് പലരും നേരത്തെ എത്തിയത്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് രൂപപ്പെട്ടു. വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തില്‍ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്.

ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പിനുശേഷം രാത്രിയോടെ തന്നെ കോളേജിലെ ന്യൂ തമിഴ് ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുള്ള സ്ട്രോങ് റൂമുകളിലേക്ക് ഇവ മാറ്റും.

Comments (0)
Add Comment