ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് പറഞ്ഞ ജഡ്ജിയെ അർധരാത്രിയില്‍ സ്ഥലംമാറ്റി ഉത്തരവ്

Jaihind News Bureau
Thursday, February 27, 2020

ന്യൂഡല്‍ഹി : വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ജഡ്ജി  എസ് മുരളീധറിനെ അർധരാത്രിയില്‍ സ്ഥലംമാറ്റി കേന്ദ്ര ഉത്തരവ്. പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. മുരളീധറിനെ സ്ഥലംമാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.

ഡല്‍ഹി കലാപകേസ് പരിഗണിച്ച അന്നുതന്നെയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. കേസ് പരിഗണിക്കവെ രൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്‍റെ ‍ബെഞ്ചിൽ നിന്ന് ഉണ്ടായത്. കപില്‍ മിശ്ര, അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, അഭയ് വര്‍മ എന്നിവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ഇതിന് പുറമേ കൂടുതല്‍ വിദ്വേഷ പ്രസംഗങ്ങളുണ്ടെങ്കില്‍ അവയും പരിശോധിക്കണമെന്നും കോടതി പറഞ്ഞു.

അതേസമയം വിദ്വേഷ പ്രസംഗം ശ്രദ്ധയിൽ പെട്ടില്ലെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതിയിൽ കേൾപ്പിക്കുന്നതുള്‍പ്പെടെയുള്ള അസാധാരണ നടപടികള്‍ക്കും ഡല്‍ഹി ഹൈക്കോടതി സാക്ഷ്യം വഹിച്ചു. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കം നാല് പേരുടെ പ്രസംഗം പരിശോധിച്ച് യുക്തമായ നടപടിയെടുത്ത് കോടതിയെ അറിയിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയത്. നേരത്തെ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ജസ്റ്റിസ് മുരളീധറില്‍ നിന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേക്ക് വിദ്വേഷ പ്രസംഗ കേസ് മാറ്റിയിരുന്നു.