മാത്യുവിനോട് കളിക്കേണ്ട, അയാൾ മിത്തല്ല; കൊടും ഭീകരന്‍: ജോയ് മാത്യു

Jaihind Webdesk
Tuesday, August 22, 2023

 

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പിന്തുണച്ചും സിപിഎമ്മിനെയും നേതാക്കളെയും കണക്കിന് പരിഹസിച്ചും നടന്‍ ജോയ് മാത്യു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ കമ്പനി അനധികൃത ഇടപാടുകൾ നടത്തിയെന്നും നികുതി വെട്ടിച്ചെന്നുമുള്ള തെളിവുകള്‍ നിരത്തിയാണ് മാത്യു കുഴൽനാടന്‍ സമർത്ഥിച്ചത്. എന്നാല്‍ ഇതില്‍ എന്തെങ്കിലും കാര്യമായ ഒരു വിശദീകരണത്തിനുപോലും സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. സേവനത്തിന് നികുതി ഈടാക്കുക എന്നത് അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി മേൽപ്പറഞ്ഞ നികുതികൾ അടക്കാൻ തയാറാവാതിരുന്നതെന്നും ജോയ് മാത്യു പരിഹസിച്ചു. മിത്തിനോടു കളിച്ചപോലെ അയാളോടു കളിക്കേണ്ട, അയാൾ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാളെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

 

“സേവനത്തിനു നികുതി ഈടാക്കുക “ഹോ എന്തൊരു അസംബന്ധമാണത് !
അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെൺകൊടി മേൽപ്പറഞ്ഞ നികുതികൾ അടക്കാൻ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴൽ നാടൻ
മനസ്സിലാക്കാതെ പോയി .
GST,IGST എന്നീ സേവന നികുതികൾ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ളബൂർഷ്വാ ഏർപ്പാടാണെന്ന് ആർക്കാണറിയാത്തത് !
സാധാരണക്കാരെ കൊള്ളയടിക്കുന്ന ബൂർഷ്വാ -മുതലാളിത്ത നയത്തിനെതിരെയുള്ള സമര കാഹളം ധീരയായ ഒരു പാവം പെൺകുട്ടി മുഴക്കിയിട്ടും നമ്മുടെ പേടിച്ചു തൂറികളായ ഇ ബു ജി (ഇടത് ബുദ്ധി ജീവികൾ )കളോ പണിയെടുത്ത് ജീവിക്കുന്നതിൽ വിശ്വാസമില്ലാത്ത
വൈപ്ലവ യുവജന പ്രസ്ഥാനക്കാരോ പിന്തുണക്കാത്തത് കഷ്ടം തന്നെ .
ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളർത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി പിഴിയൽ പരിപാടിയായ
GST,IGST ചൂഷണങ്ങളിൽ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തിൽ നാം ചെയ്യേണ്ടത് ? അങ്ങിനെയെങ്കിൽ
എന്റെ പിന്തുണ ഇപ്പോൾ തന്നെ ഇതാ റൊക്കമായി (GST,IGST എന്നിവ ഇല്ലാതെ )തരുന്നു .
അല്ലാതെ കുഴൽനാടന്റെ വീട്ടുപടിക്കൽ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല.അയാൾ
മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മൾ വിപ്ലവകാരികളെ നാണം കെടുത്തുകയാണ് .അത് അയാളുടെ തന്ത്രമാണ് ,നമ്മൾ വിപ്ലവകാരികൾ അതിൽ വീണുപോകരുത് .മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട അയാൾ ഒരു മിത്തല്ല ,ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാൾ .
അതിനാൽ GST ,IGST ക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്നത്തെ പിന്തുണക്കുക.
സമരം ആളിക്കത്തിക്കൂ.
എന്നിട്ട് വേണം ആളുന്ന ജ്വാലയിൽ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാൻ 😂