‘ക്യാപ്‌സൂള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് വായ്പ ലഭിച്ചാല്‍ പി.എസ്.സി കൈയ്യൊഴിഞ്ഞ ചെറുപ്പക്കാർക്ക് സഹായമാകും’ ; സിപിഎമ്മിനെയും സർക്കാരിനെയും പരിഹസിച്ച് ജോയ് മാത്യു

Jaihind Webdesk
Sunday, September 6, 2020

 

പി.എസ്.സി വിഷയത്തില്‍ പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളെ ആസൂത്രിതമായി നേരിടണമെന്നും ഫേസ്ബുക് ചർച്ചകളിൽ രേഖപ്പെടുത്തേണ്ട കമന്‍റുകള്‍ ക്യാപ്സൂള്‍ രൂപത്തില്‍ നല്‍കുമെന്നുമുള്ള സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍റെ ആഹ്വാനം വ്യാപക പരിഹാസത്തിന് വഴിവെച്ചിരുന്നു. ജയരാജന്‍റെ വാക്കുകളെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. 

ക്യാപ്‌സൂള്‍ നിര്‍മ്മാണ യൂണിറ്റുകള്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികളായി കണക്കാക്കി കിഫ്ബിയില്‍ നിന്നും നിന്നും വായ്പാസഹായം ലഭിച്ചാല്‍ കേരളത്തിലെ അഭ്യസ്ത വിദ്യരും പി.എസ്.സി കൈയ്യൊഴിഞ്ഞവരുമായ നിരവധി ചെറുപ്പക്കാരുടെ ജീവിതമാണ് പൂത്തുലയുകയെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

 

പി.എസ്‍.സി റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടർന്ന് തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ പ്രവർത്തകർക്ക് നിർദ്ദേശവുമായി എം. വി ജയരാജൻ ശബ്ദസന്ദേശം അയച്ചത്. റാങ്ക് ലിസ്റ്റ് വിവാദം സംബന്ധിച്ച് ആസൂത്രിതമായി ഫേസ്ബുക്കിൽ നീങ്ങണമെന്ന് കീഴ്ഘടകങ്ങൾക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഫേസ്ബുക്ക് ചർച്ചകളിൽ എന്തെല്ലാം കമന്‍റുകൾ രേഖപ്പെടുത്തണമെന്നത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ മുന്നൂറ് ആളുകളെങ്കിലും ഈ കമന്‍റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ഒരാൾ തന്നെ പത്തും പതിന‌ഞ്ചും കമന്‍റിട്ടിട്ട് കാര്യമില്ലെന്നും സന്ദേശത്തിൽ പറയുന്നു. ബ്രാഞ്ച് സെക്രട്ടറി തലം വരെയുള്ള നേതാക്കൾക്കായാണ് ഈ നിർദ്ദേശം നൽകിയത്.