ബി.ജെ.പിയുടെ കള്ളവോട്ട് ശ്രമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ചു

Jaihind Webdesk
Tuesday, April 30, 2019

ദിസ്പൂര്‍: ദൈനിക് അസമിലെ മാധ്യമപ്രവര്‍ത്തകനുനേരെ ബി.ജെ.പിയുടെ ആക്രമണം. രജന്‍ ദേകയ്ക്ക് നേരെയാണ് വധശ്രമം ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ കള്ളവോട്ട് ചെയ്യാനുള്ള ബി.ജെ.പി പ്രവര്‍ത്തകരുടെ ശ്രമത്തെക്കുറിച്ചും അത് തടഞ്ഞതിനെക്കുറിച്ചും വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതാണ് മാധ്യമപ്രവര്‍ത്തകനുനേരെ ആക്രമണത്തിന് കാരണമെന്ന് ദൈനിക് അസം അധികൃതര്‍ പറഞ്ഞു.
പടിഞ്ഞാറന്‍ അസമിലെ നാല്‍ബരി ജില്ലയിലെ മുകല്‍മ്വ പൊലീസ് സ്റ്റേഷനു കീഴിലുള്ള പോളിങ് ബൂത്തിലാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത്. ഇത് സുരക്ഷാ സേന തടയുകയായിരുന്നു. ഇക്കാര്യമാണ് രാജന്‍ ദേക റിപ്പോര്‍ട്ടു ചെയ്തത്. ഇതിനു പിന്നാലെ ബി.ജെ.പി പ്രവര്‍ത്തകനായ ജിന്തു മേധി ദേകയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. രാത്രി പത്തരയോടെ മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകനായ റിപുല്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും ദേക പറയുന്നു.

പിന്നീട് ബൈക്കില്‍ പോകുകയായിരുന്ന രാജന്‍ ദേകയെ റിപുല്‍ തടഞ്ഞുനിര്‍ത്തുകയും മുളകൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു. ആക്രമണത്തില്‍ ദേകയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ഗോഹത്തി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

‘ എന്റെ വാര്‍ത്ത കാരണം അവര്‍ക്ക് എന്നോട് ദേഷ്യമുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ അവര്‍ എന്റെ അയല്‍ക്കാരായതുകൊണ്ട് ആക്രമിക്കുമെന്ന് കരുതിയിരുന്നില്ല. കള്ളവോട്ട് ചെയ്യാനുള്ള ബി.ജെ.പിയുടെ പദ്ധതി തുറന്നുകാട്ടിയതുകൊണ്ടാണ് ഞാന്‍ ആക്രമിക്കപ്പെട്ടത്.’ ദേക പറഞ്ഞു.