മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ അന്തരിച്ചു

Jaihind News Bureau
Monday, December 14, 2020

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപ് വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വെച്ചായിരുന്നു സംഭവം. പ്രദീപിനെ ഇടിച്ച വാഹനം നിർത്താതെ പോയി എന്നാണ് പോലീസ് നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. നേമം കാരയ്ക്കാമണ്ഡപം സിഗ്നലിന് സമീപം പ്രദീപ് സഞ്ചരിച്ച ഇരുചക്രവാഹനത്തെ അതേ ദിശയിലെത്തിയ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടശേഷം ഇടിച്ച വണ്ടി നിര്‍ത്താതെ പോവുകയായിരുന്നു. അജ്ഞാത വാഹനം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായി നേമം പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ജയ്‍ഹിന്ദ് ടിവി, മനോരമ ന്യൂസ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.