ഉത്തർപ്രദേശ്: ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി ഉണക്കറൊട്ടിയും ഉപ്പും നൽകുന്ന വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകനെതിരെ യോഗി സർക്കാർ കേസെടുത്തു. റൊട്ടി മാത്രമേ ആ സമയം പാകം ചെയ്തിരുന്നുള്ളു എന്നും അതുകൊണ്ടാണ് ബാക്കി ഭക്ഷണപദാർത്ഥങ്ങൾ നൽകുന്നത് വീഡിയോയിൽ ഇല്ലാതെ പോയതെന്നുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ അവകാശവാദം. ഈ അവകാശ വാദം ഉന്നയിക്കുമ്പോളും സംഭവവുമായി ബന്ധപ്പെട്ട് ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്തത് എന്തിനായിരുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. വിമർശനമുന്നയിക്കുന്നവര്‍ക്കെതിരെ പ്രതികാരനടപടി കൈക്കൊള്ളുന്ന ബി.ജെ.പി സർക്കാരിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലെ സ്‌കൂള്‍ കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണമായി ഉപ്പും റൊട്ടിയും നല്‍കിയത്. സർക്കാരിന്‍റെ പോഷകാഹാര പദ്ധതിയിലൂടെ പാലും പഴവും കുട്ടികള്‍ക്ക് നല്‍കേണ്ടിടത്താണ് ഉണക്ക റൊട്ടിയും ഉപ്പും നല്‍കിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിലെ ബി.ജെ.പി സര്‍ക്കാരിന്‍റെ യഥാര്‍ഥ അവസ്ഥ അനാവരണം ചെയ്യുന്നതാണ് സംഭവമെന്ന് പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തി. ഓരോദിവസം കഴിയുന്തോറും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുർബലപ്പെടുകയാണെന്നും കുട്ടികളോടുള്ള ഇത്തരത്തിലുള്ള സമീപനം അപലപനീയമാണെന്നുമായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചത്.
സര്‍ക്കാര്‍ സ്‌കൂളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചയ്ക്ക് ഉപ്പും റൊട്ടിയും നല്‍കിയത്. കുട്ടികള്‍ റൊട്ടി ഉപ്പില്‍ മുക്കി കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. സാമ്പത്തികമായി പിന്നാക്ക അവസ്ഥയിലുള്ള കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയാണ് പേരില്‍ മാത്രമായി ഒതുങ്ങുന്നത്. ഒരു കുട്ടിക്ക് പ്രതിദിനം 450 കലോറി, 12 ഗ്രാം പ്രോട്ടീന്‍ എന്നിവ അടങ്ങിയ ഭക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. കുറഞ്ഞത് 200 ദിവസമെങ്കിലും ഇത് ഉറപ്പാക്കുകയും വേണം. എന്നാല്‍ പലയിടങ്ങളിലും ഇത് കൃത്യമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഔദ്യോഗിക കണക്ക് അനുസരിച്ച് പയര്‍വര്‍ഗങ്ങളും ചോറും ചപ്പാത്തിയും പച്ചക്കറികളുമാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി നല്‍കേണ്ടത്. ഇതുപ്രകാരം ആഴ്ചയില്‍ ചില ദിവസങ്ങളില്‍ പാലും പഴവും ഉറപ്പാക്കണം. എന്നാല്‍ കുട്ടികള്‍ക്ക് മിക്ക ദിവസങ്ങളിലും ഉപ്പും റൊട്ടിയുമാണ് നല്‍കുന്നത്. ചില ദിവസങ്ങളില്‍ റൊട്ടിക്ക് പകരം ചോറ് നല്‍കും. എന്നാല്‍ കറി ഉപ്പ് തന്നെ ആയിരിക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ഉത്തർപ്രദേശിലെ സ്കൂളുകളിലെ ഒരു കോടിയിലേറെ കുട്ടികളാണ് സ്കൂളില്‍നിന്നുള്ള ഉച്ചഭക്ഷണത്തെ ആശ്രയിക്കുന്നത്.
തെറ്റ് ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്യുന്നത്. വാർത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെതിരെ കേസെടുത്തതിലൂടെ യോഗി സര്‍ക്കാരും ഇതാണ് വീണ്ടും തെളിയിക്കുന്നത്. കുട്ടികള്‍ ഉണക്ക റൊട്ടി ഉപ്പില്‍ മുക്കി കഴിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി പുറംലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെതിരെ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.