മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്നു; ഭരണകൂടത്തെ ചോദ്യം ചെയ്താൽ ജയിലിൽ പോകുമെന്ന അവസ്ഥ: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, August 21, 2022

 

തിരുവനന്തപുരം: മാധ്യമ പ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഫാസിസ്റ്റ് ഭരണകർത്താക്കൾ വർധിക്കുന്നതായും ഭരണകൂടത്തിന് ഇഷ്ടമില്ലാത്ത വാർത്ത ചെയ്യുന്നവരെ മോശം വാക്കുകൾ ഉപയോഗിച്ച് അപഹസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാധ്യമ പ്രവർത്തകരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ഭരണകൂടത്തെ ചോദ്യം ചെയ്താൽ ജയിലിൽ പോകുമെന്ന അവസ്ഥ. കേരളത്തിലും ഭരണകൂടത്തിന് മാധ്യമ പ്രവർത്തകരോട് അസഹിഷ്ണുതയെന്ന് വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് നേരെയും പ്രതിപക്ഷ നേതാവ് വിമർശനമുന്നയിച്ചു. നേരത്തെ തീരുമാനിച്ച ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്. ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒളിച്ചോടുന്ന തന്ത്രമാണ് സ്വീകരിക്കുന്നത്.  7 മണിക്ക് വാർത്താ സമ്മേളനം അവസാനിപ്പിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമെന്ന രീതിയാണ്. മുഖ്യമന്ത്രിക്ക് ഇത്തരം രീതികൾ ഉപദേശിക്കുന്നവർക്ക് നല്ല നമസ്കാരമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.