ജോസഫൈന്‍ ശമ്പളമായി വാങ്ങിയത് അര കോടിയിലേറെ ; വനിതാ കമ്മീഷനില്‍ കെട്ടിക്കിടക്കുന്നത് പതിനായിരത്തിലേറെ കേസുകള്‍

 

തിരുവനന്തപുരം : സംസ്ഥാനത്ത് വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11,187 കേസുകൾ എന്ന് വിവരാവകാശ രേഖ. കമ്മീഷന് മുന്നിലെത്തിയ കേസുകളുടെ പകുതി ഭാഗം പോലും  തീർപ്പാക്കിയില്ല. സർക്കാർ ഓഫീസുകളിലെ പീഡന പരാതികളിൽ ഇടപെടലുകൾ കാര്യക്ഷമമല്ല എന്നതിനും വിവരകാശ രേഖ സാക്ഷ്യപത്രമാകുന്നു. അതേസമയം കമ്മീഷന്‍ ചെയർ പേഴ്സൺ എം.സി ജോസഫൈൻ മാത്രം ശമ്പളയിനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് അരക്കോടിയിലേറെ രൂപയാണ്

പിണറായി സർക്കാരിൻ്റെ കാലത്തെ വനിതാ കമ്മിഷൻ വെറും രാഷ്ട്രീയ നോക്കുകുത്തിയായിരുന്നു എന്നതിൻ്റെ തെളിവുകളാണ് പുറത്ത് വരുന്നത്. 11,187 കേസുകളാണ് തിരിഞ്ഞുപോലും നോക്കാതെ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത്. 46%  കേസുകൾ മാത്രമാണ് ഇതുവരെ തീർപ്പാക്കിയത്.  22-05-2017 മുതൽ 12-2-2021 വരെ 22,150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10,263 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. കുറവ് വയനാട് ജില്ലയിലും. പൊലീസിനെതിരെ 342 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 116 കേസുകളാണ് തീർപ്പാക്കിയത്. സർക്കാർ ഓഫീസുകളിലെ പീഡനങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 100 കേസുകൾ ആണ്. ഇതിൽ  38 കേസുകൾ  മാത്രമാണ് തീർപ്പാക്കിയത്. ഡിഎന്‍എ ടെസ്റ്റുമായി ബന്ധപ്പെട്ട 29 കേസുകളിൽ 9 കേസുകൾ മാത്രമാണ് തീർപ്പാക്കിയത്. ഇടതുപക്ഷ ജീവനക്കാർക്കെതിരെ കേസുകൾ പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലും കമ്മീഷന്‍  ബോധപൂർവമായ അലംഭാവം കാട്ടുന്നു എന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് വിവരാവകാശ രേഖപ്രകാരം പുറത്തുവന്ന കണക്കുകൾ.

ഓണറേറിയം , ടി.എ , ടെലിഫോൺ ചാർജ് , എക്സ്പെർട്ട് ഫീ, മെഡിക്കൽ റീഇംബേഴ്സ്മെന്‍റ് ഇനങ്ങളിലായി വനിതാ കമ്മീഷൻ ചെയർ പേഴ്സൺ എം.സി ജോസഫൈൻ 2021 ഫെബ്രുവരി 8 വരെ കൈ പറ്റിയത് 53,46,009 രൂപയാണ്. നാല് മെമ്പർമാർ ഉൾപ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12, 36,028 രൂപ. കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ പ്രാണകുമാറിന് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Comments (0)
Add Comment