ജോസഫൈന്‍ വനിതാ കമ്മീഷന്‍റെ വിശ്വാസ്യത തകര്‍ത്തു ; സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, June 25, 2021

കൊല്ലം : സ്ത്രീകൾക്ക് ആശ്വാസവും കരുത്തുമാകേണ്ട വനിതാ കമ്മീഷന്‍റെ വിശ്വാസ്യതയെ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍ തകർത്തതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അവരോട് സഹതാപമാണുള്ളത്. ജോസഫൈന്‍റെ പാർട്ടിയും സർക്കാരും വിഷയം ഗൗരവമായി കാണണം. നിലമേലിൽ വിസ്മയയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.

സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ധൈര്യം പകരേണ്ട സംവിധാനമാണ് വനിതാകമ്മീഷന്‍. എന്നാല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അദ്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ല. സീനിയര്‍ ആയ ഒരു പൊകുപ്രവര്‍ത്തകയ്ക്ക് എങ്ങനെ ഇത്തരത്തില്‍ പെരുമാറാനാകും. അവരെ വ്യക്തിപരമായി അധിക്ഷേപിക്കാനില്ലെന്നും സഹതാപമാണ് അവരോട് തോന്നുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വനിതാ കമ്മീഷന്‍റെ വിശ്വാസ്യതയെ തന്നെയാണ് ജോസഫൈന്‍ തകര്‍ത്തതെന്നും അവരുടെ പാര്‍ട്ടിയും സര്‍ക്കാരും ഇക്കാര്യം ഗൗരവമായി കാണണമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ദുരനുഭവങ്ങൾ ഉണ്ടാകുമ്പോൾ അത്മഹത്യയല്ല അവസാന വഴിയെന്ന് തിരിച്ചറിഞ്ഞ് പെൺകുട്ടികൾ കൂടുതൽ കരുത്തരാകണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. രാവിലെ 7.30 നാണ് പ്രതിപക്ഷ നേതാവ് വിസ്മയയുടെ വീട്ടിലെത്തിയത്. മാതാപിതാക്കളും സഹോദരനും തങ്ങളുടെ മകൾക്ക് നേരിട്ട ദുരനുഭവങ്ങൾ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എം.എം നസീർ, ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണ തുടങ്ങിയവരും പ്രതിപക്ഷ നേതാവിനൊപ്പം വിസ്മയയുടെ വീട്ടിലെത്തിയിരുന്നു.