‘സ്ത്രീധനം പെണ്‍കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം’: വീണ്ടും വിവാദ പരാമര്‍ശവുമായി ജോസഫൈന്‍

Jaihind Webdesk
Friday, June 25, 2021

കൊല്ലം : വീണ്ടും നിരുത്തരവാദപരമായ പരാമര്‍ശവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സ്ത്രീധനം നല്‍കുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം. കൊല്ലം നിലമേലില്‍ മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു  ജോസഫൈന്‍റെ വിവാദ പരാമര്‍ശം.

‘സ്ത്രീകൾക്ക് യഥാർഥത്തിൽ വേണ്ടത് ജന്മസിദ്ധമായ സ്വത്തവകാശമാണ്. മാതാപിതാക്കളുടെ സ്വത്തിൽ അവകാശം. ഇനി അഥവാ സ്ത്രീധനം കൊടുക്കുകയാണെങ്കിൽ അത് പെൺകുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് അവളുടെ ബാങ്ക് അക്കൗണ്ടിൽ ഇടണം. ഇത്തരത്തിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവണം. സ്ത്രീധനസമ്പ്രദായം അവസാനിപ്പിക്കാനുള്ള നിയമപരമായ നടപടിയെക്കുറിച്ച് ആലോചിക്കണം.’– എന്നായിരുന്നു ജോസഫൈന്‍റെ പ്രസ്താവന.

പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ‘എന്നാല്‍ അനുഭവിച്ചോ’ എന്നായിരുന്നു യുവതിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. ജോസഫൈനെ നീക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. പൊതുസമൂഹം ഒറ്റക്കെട്ടായി ജോസഫൈനെതിരെ പ്രതിഷേധം ഉയര്‍ത്തി.