1000 രൂപയുടെ കിറ്റിലുള്ളത് 750 രൂപയുടെ സാധനങ്ങള്‍ മാത്രം ; ദുരിതത്തിനിടയില്‍ സര്‍ക്കാരിന്‍റെ തീവെട്ടിക്കൊള്ളയെന്ന് ജോസഫ് വാഴക്കന്‍; കുറിപ്പ്

Jaihind News Bureau
Thursday, April 2, 2020

കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങളില്‍ വലയുന്ന പൊതുജനങ്ങള്‍ക്കുള്ള ഭക്ഷണ കിറ്റിന്‍റെ മറവിലും തട്ടിപ്പെന്ന് ആരോപണം. 1000 രൂപയ്ക്ക് 17 ഇനം ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റില്‍ പക്ഷേ 750 രൂപയുടെ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണുള്ളതെന്നാണ് വസ്തുത. കേരള സർക്കാര്‍ പുറത്തിറക്കിയ പരസ്യത്തില്‍ കിറ്റിലെ ഭക്ഷ്യവസ്തുക്കളും അവയുടെ അളവും പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഇതേ സാധനങ്ങള്‍ മുന്തിയ നിലവാരമുള്ളത് വാങ്ങിയാല്‍പോലും അതിന്‍റെ മാര്‍ക്കറ്റ് വില 826 രൂപ മാത്രമേ ആകൂ. ഹോള്‍സെയില്‍ കടയില്‍ നിന്നോ സിവില്‍ സപ്ലൈസില്‍ നിന്നോ ആണ് വാങ്ങുന്നതെങ്കില്‍ ഇതില്‍ നിന്നും 100 രൂപ വരെ പിന്നെയും കുറയും. അതായത് ആയിരം രൂപ വില നിശ്ചയിച്ചിരിക്കുന്ന കിറ്റിലുള്ളത് 700-750 രൂപയുടെ സാധനങ്ങള്‍ മാത്രം. ഇത്തരം കിറ്റുകള്‍ക്കായി 350 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഓരോ കിറ്റിനായും ബാക്കി വരുന്ന തുക എവിടേക്കാണ് പോകുന്നതെന്നാണ് ഉയരുന്ന ചോദ്യം. കൊവിഡിന്‍റെ മറവിലെ തീവെട്ടിക്കൊള്ള നടത്തുന്നവരെ തിരിച്ചറിയണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

 

ജോസഫ് വാഴക്കന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

പുരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടാൻ ശ്രമിക്കുന്നവർ.

കേരളാ സർക്കാരിന്റെ പി ആർ ഡി പുറത്തിറക്കിയ പരസ്യവും വാർത്ത കുറിപ്പിന്റെ കോപ്പിയുമാണ് ഈ പോസ്റ്റിൽ ചേർത്തിരിക്കുന്നത്. ഇതനുസരിച്ചു 1000 രൂപയുടെ 17 ഇനം ഭക്ഷ്യ വിഭവ സാധനങ്ങൾ ഉൾക്കൊള്ളുന്ന കിറ്റുകളാണ് ഓരോ വീടിലും എത്തിക്കുന്നത്. നമ്മുടെ നാട്ടിലെ ഒരു സാധാരണ പലചരക്കു കടയിൽ നിന്നും ഇത്രയും സാധനങ്ങൾ ( നല്ല നിലവാരമുള്ളത് ) വാങ്ങിയാൽ ഇന്ന് കൊടുക്കേണ്ടത് 826 രൂപ മാത്രമാണ്. ഇത് ഒരു ഹോൾസെയിൽ കടയിൽ നിന്ന് വാങ്ങിയാൽ ഇതിനെക്കാൾ 50 മുതൽ 100 രൂപാ വരെ കുറഞ്ഞ വിലക്ക് കിട്ടും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ മൊത്തത്തിൽ വാങ്ങുമ്പോൾ ( Bulk Purchase ) ഇതിനെക്കാൾ പിന്നെയും തുക കുറയും. എന്ന് വച്ചാൽ 1000 രൂപാ വില നിശ്‌ചയിച്ചിരിക്കുന്ന ഈ ഒരു കിറ്റിൽ 700 മുതൽ 750 രൂപാ വില വരുന്ന സാധനങ്ങളെ ഉള്ളു. ഇങ്ങനെയുള്ള ലക്ഷകണക്കിന് കിറ്റുകൾ തയ്യാറാക്കാൻ സർക്കാർ അനുവദിച്ചിരിക്കുന്ന 350 കോടിയിൽ എത്ര രൂപയുടെ സാധനങ്ങൾ ജനങ്ങളിൽ എത്തും. ബാക്കി തുക എവിടെ പോകും ? കോവിഡിന്റെ പേരിൽ ദുരിതം പേറുന്ന ജനങ്ങളുടെ പേരിൽ നടക്കുന്ന തീവെട്ടി കൊള്ള കാണാതിരിക്കാനാകില്ല. പുരക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടാൻ ഇറങ്ങുന്നവരെ തിരിച്ചറിയുക തന്നെ വേണം

നാട്ടിൻ പുറത്തെ സാധാരണ പലചരക്കു കടയിലെ ഇന്നത്തെ വില.

പഞ്ചസാര 1 Kg – 42
തേയില 250 gm – 70
ഉപ്പ് – 1 kg – 10
ചെറുപയർ – 1 Kg – 110
കടല – 1 Kg – 65
വെളിച്ചെണ്ണ – 500 gm – 76
ആട്ട – 2 Kg – 68
റവ – 1 Kg – 39
മുളക് പൊടി – 100 gm -22
മല്ലിപ്പൊടി – 100 gm – 16
പരിപ്പ് – 250 gm – 20
മഞ്ഞൾപൊടി – 100 gm – 18
ഉലുവ – 100 gm – 10
കടുക് – 100 gm- 10
സോപ്പ് – 2 – 40
സൺഫ്ലവർ ഓയിൽ – 1 ലിറ്റർ – 98
ഉഴുന്ന് – 1 kg – 112

മൊത്തം – 826 രൂപാ