തിരുവനന്തപുരം: ജോസ്.കെ.മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തില്‍ സിപിഐക്കുള്ളില്‍ അതൃപ്തി. ജോസ് വിഭാഗത്തെ മുന്നണിയില്‍ എടുത്താല്‍ ഗുണം ചെയ്യില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. കാഞ്ഞിരപ്പള്ളി സീറ്റ് വിട്ടുനല്‍കുന്നതിലും എതിര്‍പ്പ് ശക്തം. മുന്നണി പ്രവേശനത്തില്‍ അതൃപ്തിയുണ്ടെങ്കിലും മുഖ്യമന്ത്രിക്കു മുന്നില്‍ സിപിഐ തത്കാലം കീഴടങ്ങുകയായിരുന്നു.
ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ നിലപാട് മയപ്പെടുത്തിയെങ്കിലും വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ബാധിക്കരുതെന്ന മുന്നറിയിപ്പാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മുന്നോട്ടു വെച്ചത്. ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കുന്നതിൽ സിപിഐക്ക് യോജിപ്പില്ല. കാഞ്ഞിരപ്പള്ളി സീറ്റ് നൽകുന്നതിലും എതിരഭിപ്രായമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രം മുന്നണി പ്രവേശനം മതിയെന്ന നിലപാടാണ് സിപിഐക്കുള്ളത്.
എന്നാൽ ജോസിനെ എത്രയും വേഗം മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാണ് സിപിഎം നിലപാട്. ഇക്കാര്യം മുന്നണിക്കുള്ളിൽ വിശദമായി ചർച്ച ചെയ്യണം എന്ന ആവശ്യം സിപിഐ മുന്നോട്ടുവെച്ചിട്ടുണ്ട്. വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇടതുമുന്നണി യോഗം വ്യാഴാഴ്ച ചേരും. മതേതര പാർട്ടികളുമായി തെരഞ്ഞെടുപ്പ് സഖ്യങ്ങൾക്ക് സിപിഎം തയ്യാറാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ജോസ് കെ. മാണിയെ ഉൾപ്പെടുത്തണം എന്ന നിലപാട് സിപിഎം ശക്തമാക്കിയത്.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രാധിനിധ്യം വേണം എന്ന ജോസ് വിഭാഗത്തിന്റെ നിലപാട് സിപിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ വരുന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യും. സിപിഐയുടെ പൊതു വികാരം വ്യാഴാഴ്ച ചേരുന്ന ഇടതു മുന്നണി യോഗത്തിലും ചർച്ചയാകും.