കൂടത്തായി കൊലപാതക പരമ്പര: ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു

Jaihind News Bureau
Tuesday, October 8, 2019

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കുറ്റസമ്മതം നടത്തിയ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ വടകര റൂറല്‍ എസ്.പി കെ.ജി സൈമണാണ് ഇക്കാര്യ൦ വ്യക്തമാക്കിയത്. അതേസമയം ആദ്യ ഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി നല്‍കിയെന്ന് ഷാജു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഷാജു മൊഴി നല്‍കിയിരുന്നു.

കൂടത്തായി കൊലപാതക പരമ്പരയിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാജുവിന്‍റെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടന്നത്. വടകരയിലെ എസ്.പി ഓഫീസിൽ മണിക്കൂറോളം ഷാജുവിനെ ചോദ്യം ചെയ്തു. അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകിയെങ്കിലും പിന്നീട് ഷാജുവിനെ വിട്ടയക്കുകയായിരുന്നു.

ഷാജുവിനെ തല്‍ക്കാലം വിട്ടയക്കുകയാണെന്നും ഇയാളുടെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും എസ്.പി സൈമൺ വ്യക്തമാക്കി. കൊലപാതകത്തിലുള്ള ഷാജുവിന്‍റെ പങ്ക് വ്യക്തമായിട്ടില്ലെന്നും ഇയാള്‍ക്കെതിരെ തെളിവുകളില്ലെന്നും എസ്.പി പറഞ്ഞു. ആദ്യ ഭാര്യ സിലിയെയും മകള്‍ ആല്‍ഫൈനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കി നല്‍കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഷാജു മൊഴി നല്‍കിയിരുന്നു. മൃതദേഹങ്ങളുടെ രാസപരിശോധന വിദേശത്ത് നടത്താന്‍ അനുമതി ലഭിച്ചതായും എസ്.പി കൂട്ടിച്ചേര്‍ത്തു. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നും അവരെയെല്ലാം ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.