തിരുവനന്തപുരം: ‘പണി’ എന്ന ചിത്രത്തിനെ കുറിച്ച് റിവ്യൂ കുറിപ്പെഴുതിയ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റേപ്പ് ഉള്‍പ്പടെ അപകടകരമായ രീതിയില്‍ ചിത്രീകരിക്കുകയും സ്ത്രീ കഥാപാത്രത്തെ ഒബ്‌ജെക്റ്റിഫൈ ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് കാര്യവട്ടം പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ആദര്‍ശ് ഫേസ്ബുക്കില്‍ റിവ്യു എഴുതിയത്. ഇതില്‍ ജോജു ജോര്‍ജ് ആദര്‍ശിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നു.
ഇതിന് പിന്നാലെയാണ് ആദര്‍ശിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നത്. ജോജുവിനെ പോലുള്ള അല്‍പ്പന്മാര്‍ എത്ര ഓലിയിട്ടാലും മുഖത്ത് നോക്കി കൈവിരല്‍ ചൂണ്ടി വിമര്‍ശിക്കുക തന്നെ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. അതിഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും സഹിച്ചേ പറ്റൂ. അതല്ല എന്നുണ്ടെങ്കില്‍ സ്വന്തം നിയമങ്ങള്‍ ഉണ്ടാക്കി ,സ്വന്തമായി കൈലാസ രാജ്യം ഉണ്ടാക്കി നിത്യാനന്ദയെ പോലെ ഏകാധിപതിയായി ജീവിക്കാം. ജോജുവിന്റെ കീച്ചിപാപ്പന്‍ വന്നാലും ആദര്‍ശ് എന്ന ചെറുപ്പക്കാരന്റെ രോമത്തില്‍ തൊടാന്‍ സാധിക്കില്ലന്നും ഈ രാജ്യത്ത് മറ്റൊന്നും നടക്കില്ലെന്നും അബിന്‍ വര്‍ക്കി ഫേസ് ബുക്കില്‍ കുറിച്ചു.