പ്രവാസി വ്യവസായി ജോണ്‍ മത്തായിയ്ക്ക് യുഎഇ ഗവണ്‍മെന്‍റിന്‍റെ ഗോള്‍ഡ് കാര്‍ഡ് വീസ

Jaihind News Bureau
Friday, September 13, 2019

ദുബായ്  : ഓട്ടോമൊബൈല്‍ മേഖലയിലെ പ്രമുഖ സ്ഥാപനമായ ധന്യ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മലയാളി ജോണ്‍ മത്തായിക്ക് , യുഎഇയില്‍ സ്ഥിര താമസത്തിനുള്ള ‘ഗോള്‍ഡ് കാര്‍ഡ്’ വീസ ലഭിച്ചു. യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് ആണ് പത്തു വര്‍ഷത്തെ വീസ അനുവദിച്ചത്. ഷാര്‍ജ താമസ കുടിയേറ്റ വിദേശകാര്യ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനില്‍ നിന്നും ജോണ്‍ മത്തായി സ്ഥിര താമസത്തിനുള്ള അനുമതി രേഖയായ, ഗോള്‍ഡ്  കാര്‍ഡ് വീസ ഏറ്റുവാങ്ങി. ജയ്ഹിന്ദ് ടി വി ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയാണ് ജോണ്‍.

ഇക്കഴിഞ്ഞ ജൂണ്‍ ആദ്യം മുതലാണ് യുഎഇയില്‍ നിക്ഷേപകര്‍ക്കുള്ള ‘ഗോള്‍ഡന്‍ വീസ’ അനുവദിച്ചു തുടങ്ങിയത്. 37   വര്‍ഷത്തിലധികമായി യുഎഇയുടെ ഓട്ടോമൊബൈല്‍ മേഖലയില്‍ സജീവ സാന്നിധ്യമാണ് ധന്യ ഗ്രൂപ്പ്. 1970 മുതല്‍ യുഎഇയുടെ ഓട്ടോമൊബൈല്‍ വ്യാപാര-വിപണന മേഖലയിലൂടെ വളര്‍ന്ന ജോണ്‍, ഗള്‍ഫിലെ സാമൂഹ്യ-സാസ്‌കാരിക-വ്യാപാര മേഖലകളിലും സജീവ സാന്നിധ്യമുള്ള വ്യക്തിത്വമാണ്.  യുഎഇയില്‍ ഗോള്‍ഡന്‍ കാര്‍ഡ് വീസ ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും രാജ്യത്ത് നിക്ഷേപം നടത്താന്‍ വിദേശീ നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നതാണ് ഇതെന്നും ജോണ്‍ മത്തായി ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.