ട്രംപ് വീണു ; ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്‍റ്

 

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് വിജയം.  അമേരിക്കയുടെ നാല്‍പത്തിയാറാമത്തെ പ്രസിഡന്‍റാണ് ബൈഡന്‍. ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യവനിതയും ആദ്യ ഇന്ത്യന്‍ വംശജയുമാണ് ഇവര്‍.

അമേരിക്കയുടെ ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രസിഡന്‍റ് ജോബൈഡന്‍ പറഞ്ഞു. ജനങ്ങളര്‍പ്പിച്ച വിശ്വാസം കാക്കും. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്‍റാകും. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുള്ള സമയം ആണ് ഇതെന്നും ബൈഡന്‍ പറഞ്ഞു. അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നും സാധ്യതകളുടെ രാജ്യമാണ് അമേരിക്കയെന്നും ബൈഡന്‍ പറഞ്ഞു. മഹാമാരിയെ നേരിടാന്‍ ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ് വൈസ് പ്രസിഡന്‍റാകുന്ന ആദ്യ ഇന്ത്യന്‍ വനിത കമല ഹാരിസിനെയും ബൈഡന്‍ പ്രശംസിച്ചു.

പുതിയ പ്രഭാതമെന്നായിരുന്നു കമല ഹാരിസിന്റെ പ്രതികരണം. അമേരിക്ക ജനാധിപത്യത്തിന്‍റെ അന്തസ് കാത്തുസൂക്ഷിച്ചു. അമേരിക്കയുടെ മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ കമല അമേരിക്കയിലെ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണ സംഘാടകര്‍ക്കും നന്ദി അറിയിച്ചു. നാലുവര്‍ഷം ജനങ്ങള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി പോരാടി. തുല്യതയ്ക്കായുള്ള കറുത്തവര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്‍റെ വിജയമാണ് ഇതെന്നും കമല ഹാരിസ് പറഞ്ഞു. മുറിവുണക്കുന്ന ഐക്യത്തിന്‍റെ വക്താവാണ് ബൈഡനെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു. 3 ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ടാണ് യുഎസിന്റെ 46ാം പ്രസിഡന്‍റായി ഡമോക്രാറ്റ് സ്ഥാനാര്‍ഥിയും മുന്‍ വൈസ് പ്രസിഡന്‍റുമായ ജോ ബൈഡന്‍ വിജയമുറപ്പിച്ചത്.

 

 

Comments (0)
Add Comment