നോട്ടുനിരോധനം തൊഴില്‍ നഷ്ടത്തിന് കാരണമായി; കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി; ഉദ്യോഗസ്ഥരുടെ രാജി

Jaihind Webdesk
Wednesday, January 30, 2019


മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനം രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിച്ചു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് വന്‍തോതില്‍ തൊഴില്‍ നഷ്ടമുണ്ടായതിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്ത് വിടാതെ തടഞ്ഞുവയ്ക്കുന്നതില്‍ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്റെ രണ്ട് സ്വതന്ത്ര അംഗങ്ങളും രാജി വെച്ചു. പി.സി മോഹന്‍, ജെ.വി മീനാക്ഷി എന്നിവരാണ് മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സ്വതന്ത്രറിപ്പോര്‍ട്ട് പുറത്ത്് വിടാത്തതില്‍ പ്രതിഷേധിച്ച് രാജി സമര്‍പ്പിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്ത് ചെറുകിട ഇടത്തരം മേഖലകള്‍ വന്‍ പ്രതിസന്ധിയിലാവുകയും വന്‍തോതില്‍ തൊഴിലാളികളെ കുറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ആധികാരികമായ റിപ്പോര്‍ട്ടാണ് ദേശീയ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്റേത്. ഇതാണ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ് വച്ചിരിക്കുന്നത്. ദേശീയ സറ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ട്രിങ് ചെയര്‍പേഴ്സണ്‍ കൂടിയാണ് പി സി മോഹന്‍.

ഇവരുടെ രാജിയോടെ കമ്മീഷനില്‍ ഇനി നീതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് ഉള്‍പ്പെടെ രണ്ട് പേര്‍ മാത്രമായി. നിലവിലെ സാഹചര്യത്തില്‍ കമ്മീഷന്‍ ഫലപ്രദമല്ലാതായെന്നും ഉത്തരവാദിത്വം നിറവേറ്റാന്‍ സാധിച്ചില്ലെന്ന തോന്നലുണ്ടെന്നും മോഹന്‍ പ്രതികരിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന് കീഴിലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍. 2020 വരെയായിരുന്നു രാജി വച്ച ഇരുവരുടെയും കാലാവധി.