രാഹുല്‍ ഗാന്ധി ചേര്‍ത്തുപിടിച്ച ആമിനയുടെ ഉമ്മയ്ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കി ഇന്‍കാസ് : മകളുടെ ‘നീറ്റായ’ വിജയത്തില്‍ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു

അബുദാബി : നീറ്റ് പരീക്ഷയില്‍ ഉന്നത  വിജയം കരസ്ഥമാക്കിയ ആമിനക്കുട്ടിയുടെ ഉമ്മയുമായി,  ഇന്‍കാസ് അബുദാബി പ്രവര്‍ത്തകര്‍ സന്തോഷം പങ്കുവെച്ചു. ഒറ്റകൈയ്യുമായി തന്‍റെ  ശാരീരിക പരിമിതികളെ അതിജീവിച്ചു നീറ്റ് പരീക്ഷയില്‍ ‘നീറ്റായ’ റാങ്കോടു കൂടി  ഉന്നത വിജയം കരസ്ഥമാക്കിയ, കൊല്ലം കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി ഷൗക്കത്ത് -ജാസ്മിന്‍  ദമ്പതികളുടെ  മകളാണ് ആമിന.  രാഹുല്‍ഗാന്ധിയെ നേരില്‍  കാണുക എന്നതാണ് തന്‍റെ ഏറ്റവും വലിയ ആഗ്രഹം എന്ന ആമിനക്കുട്ടിയുടെ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആയിരുന്നു. തുടര്‍ന്ന്, രാഹുല്‍ ഗാന്ധി ആമിനയെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്രകാരം, ഇവരുടെ മാതാവ് യുഎഇയിലുള്ള ജാസ്മിനൊപ്പമാണ്, മകളുടെ മികച്ച വിജയത്തിന്‍റെ സന്തോഷം, ഇന്‍കാസ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അതേസമയം, ജോലിപരമായി മാസങ്ങളായി ഏറെ പ്രയാസം അനുഭവപ്പെടുന്ന പ്രവാസിയായ മാതാവ് ജാസ്മിന് എല്ലാ സഹായവും ഇന്‍കാസ് വാഗ്ദാനം ചെയ്തു. ജോലി നേടുന്നതിന് ജാസ്മിനെ സഹായിക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശവും ഇന്‍കാസ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.  ദുബായ്  ഇന്‍കാസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഇ.സാദിഖ് അലി അവരുമായി സംസാരിച്ചു. ഇന്‍കാസ് അബുദാബി ട്രഷറര്‍ നിബു സാം ഫിലിപ്, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ടി.എം.നിസാര്‍, തിരുവനതപുരം ജില്ലാ പ്രസിഡന്‍റ് എം.യു.ഇര്‍ഷാദ് എന്നിവരാണ് ജാസ്മിനെ നേരില്‍കണ്ട്  കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയായിരുന്നു.

Comments (0)
Add Comment