സ്വകാര്യ മേഖലയിലെ തൊഴില്‍ നഷ്ടം ബാങ്കുകളെ ബാധിച്ചു : യുഎഇയിലെ പത്ത് ബാങ്കുകളുടെ അറ്റാദായത്തില്‍ ഈ വര്‍ഷം ആദ്യ ആറു മാസത്തിനിടെ ഇടിവ്

ദുബായ് : യുഎഇയിലെ സ്വകാര്യ മേഖലയിലെ തുടര്‍ച്ചയായ തൊഴില്‍ നഷ്ടങ്ങള്‍ രാജ്യത്തെ ബാങ്കുകളുടെ ആസ്തി ഗുണനിലവാരത്തിനും ലാഭ കണക്കുകളെയും ബാധിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് പ്രത്യാഘാതങ്ങള്‍ മൂലം, സ്വകാര്യ മേഖലയില്‍ ഉടനീളം തൊഴില്‍ നഷ്ടം സംഭവിച്ചതും എണ്ണവിലയിലെ വെല്ലുവിളികളും ബാങ്കുകളെ ബാധിക്കുകയായിരുന്നു. 2020 വര്‍ഷം ആദ്യ ആറു മാസത്തെ കണക്കിലാണ് ഈ ഇടിവ്.

ഇതനുസരിച്ച്, യുഎഇ-യിലെ മികച്ച പത്ത് ബാങ്കുകളുടെ, അറ്റാദായത്തില്‍ ശരാശരി 20 മുതല്‍ 30 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയെന്ന് പ്രമുഖ ഇംഗ്‌ളീഷ് ദിനപത്രമായ ഖലീജ് ടൈംസിന്റെ ബാങ്കിങ് റിപ്പോര്‍ട്ടില്‍ കണക്ക് സഹിതം വ്യക്തമാക്കുന്നു. ഇതോടൊപ്പം, ബാങ്കുകളുടെ പലിശ വരുമാനത്തില്‍ ഗണ്യമായ ഇടിവ് വന്നു. കൂടാതെ, വായ്പാ നഷ്ടവും കൂടി. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതിയ റീട്ടെയില്‍ ബാങ്കിങ്ങും കുറഞ്ഞു. ഇതിന്‍റെ ഫലമായി വ്യക്തിഗത വായ്പകള്‍, മോര്‍ട്ട്‌ഗേജുകള്‍, ഓട്ടോഫിനാന്‍സ്, കാര്‍ഡ് ഉല്‍പ്പന്നങ്ങള്‍ എന്നിവ പോലുള്ള റീട്ടെയില്‍ വായ്പ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ കുറവ് വന്നിരിക്കുകയാണെന്ന് ഇവരുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Comments (0)
Add Comment